കൊല്‍ക്കത്ത: മൂത്ത മകനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്ക് അടിച്ച്കൊലപ്പെടുത്തിയ ശേഷം നെയ്യും മസാലക്കൂട്ടും കര്‍പ്പൂരവും ചേര്‍ത്ത് വലിയ ചീനിച്ചട്ടിയിലല്‍ വറുത്തെടുത്ത അമ്മയും സഹോദരനും അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ ക്രൂര കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കില്‍ താമസിക്കുന്ന ഗീത മഹെന്‍സാരിയ ഇവരുടെ 22 വയസുകാരനായ മകന് വിധുര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗീതയുടെ മൂത്ത മകന് അര്‍ജുനെ(25)യാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. മൂത്ത മകനെ കാണാനില്ലെന്ന് ഗീതയുടെ ഭര്‍ത്താവ് അനില്‍ മഹെന്‍സാരിയ ഡിസംബര്‍ പത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം ഗീതയുടെ വീട് പരിശോധിച്ചപ്പോള്‍ ടെറസിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
ഗീതയുടെ അമിതമായ അന്ധവിശ്വാസങ്ങളും ദുര്‍മന്ത്രവാദവും കാരണം ഒരു വര്‍ഷം മുമ്ബ് ഭര്‍ത്താവ് അനില്‍ വീട് വിട്ട് ഇറങ്ങിയിരുന്നു. ബിസിനസ് നോക്കി നടത്തിയിരുന്ന മൂത്ത മകനുമായി നല്ല ബന്ധമായിരുന്നു. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാതായതോടെയാണ് പിതാവിന് സംശയം തോന്നിയത്. മാത്രമല്ല ഗീതയും മക്കളും കൊല്‍ക്കത്തയിലെ വീട് പൂട്ടി റാഞ്ചിയിലെ സ്വവസതിയിലേക്ക് പോയെന്ന വിവരവും ലഭിച്ചു. റാഞ്ചിയിലെ ഭാര്യാസഹോദരിയെ വിളിച്ചപ്പോള്‍ മൂത്തമകന് അവിടെ വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് അനില്‍ പൊലീസില്‍ പരാതി നല്‍കിയത്.
വീടിന്റെ ടെറസില്‍നിന്ന് അസ്ഥികള്‍ കണ്ടെടുത്ത പൊലീസ് സംഘം ഗീതയെയും മകനെയും മണിക്കൂറുകളോളം വിശദമായി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് ഗീത മകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനുശേഷം വലിയ ചീനിച്ചട്ടിയിലിട്ട് മൃതദേഹം റോസറ്റ് ചെയ്തു. ഗന്ധം പുറത്തറിയാതിരിക്കാനായി നെയ്യും മസാലക്കൂട്ടുകളും കര്‍പ്പൂരവും ചേര്‍ത്തു. ഇതിനുശേഷം കരിഞ്ഞ അസ്ഥികള്‍ തുണിയില്‍ പൊതിഞ്ഞ് ടെറസിന് മുകളില്‍ സൂക്ഷിക്കുകയായിരുന്നു. കൊല്ലാന്‍ ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹം കത്തിച്ച വലിയ ചീനിച്ചട്ടിയും വീട്ടില്‍നിന്ന് കണ്ടെടുത്തായി പൊലീസ് പറഞ്ഞു. വീടിന്റെ ഒന്നാം നിലയിലെ പൂജാ മുറിയില്‍ തീപിടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. അമ്മിക്കല്ലില്‍ രക്തക്കറയും കണ്ടു. അതേസമയം, കൊലപാതകത്തിന്റെ വ്യക്തമായ കാരണം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല.