home

വളര്‍ത്തുനായയെ കാറിനുപിന്നില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍



നെടുമ്ബാശേരി > പട്ടാപ്പകല്‍ ചുട്ടുപൊള്ളുന്ന റോഡിലൂടെ നായയെ കാറിനുപിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോകുക. മറിഞ്ഞുവീണും കുരച്ചും റോഡിലൂടെ ഉരഞ്ഞുരഞ്ഞു നീങ്ങുന്ന നായ. ബൈക്ക് യാത്രികന്‍ കണ്ടതുകൊണ്ടുമാത്രം നായ രക്ഷപ്പെടുന്നു. കൊടുംക്രൂരത ചെയ്തയാള്‍ അറസ്റ്റില്‍.

കാറിനു പിന്നാലെയെത്തിയ നിഖില്‍ വര്‍ഗീസ് എന്ന ചെറുപ്പക്കാരനാണ് സംഭവം ചിത്രീകരിച്ചത്. നിഖില്‍ എടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കാറുടമയെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. ചാലാക്ക കോരമ്ബന്‍ വീട്ടില്‍ കെ കെ യൂസഫിനെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് ചെങ്ങമനാട് പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റുചെയ്തത്.

നായയെ ഉപേക്ഷിക്കുന്നതിനായി കാറില്‍കെട്ടി വലിച്ചുകൊണ്ടുപോകുകയായിരുന്നു യൂസഫ്. വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ ചാലാക്ക -കണക്കന്‍കടവ് റോഡിലാണ് ക്രൂരസംഭവം അരങ്ങേറിയത്. കെഎല്‍ 6379 എന്ന നമ്ബറിലുളള കാറിനു പിന്നിലാണ് കെട്ടിവലിച്ചത്. നിഖില്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യൂസഫ് കയറില്‍നിന്നു നായയെ അഴിച്ചുവിട്ടു. ദേഹമാസകലം മുറിവേറ്റ നായ ഓടി രക്ഷപ്പെടുകയും ചെയ്തു. നായയെ പിന്നീട് മൃഗക്ഷേമ പ്രവര്‍ത്തക സംഘടനയായ ‘ദയ’ ഏെറ്റടുത്തു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. വാഹന ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടുയുള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കും. പറവൂര്‍ ജോയിന്റ് ആര്‍ടിഒ യുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതാണ് വാഹനം.