മട്ടന്നൂര്‍: വടിവാളുമായെത്തിയ യുവാവ് കാസര്‍കോട്ടുകാരനായ ലോറി ഡ്രൈവറില്‍ നിന്നും മൊബൈല്‍ കവര്‍ന്നു
വ്യാഴാഴ്ച പുലര്‍ച്ചെ മട്ടന്നൂര്‍ ചാവശ്ശേരിയിലാണ് സംഭവം. ചാവശ്ശേരി യൂണിറ്റി ട്രേഡേഴ്സിലേക്ക് കോയമ്ബത്തൂരില്‍നിന്ന് സാധനങ്ങളുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവര്‍ കാസര്‍കോട് സ്വദേശി നസീര്‍ അഹ് മദിന്റെ മൊബൈല്‍ ഫോണാണ് തട്ടിയെടുത്തത്.
പുലര്‍ച്ചെയോടെ എത്തിയ ലോറി കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെ വടിവാളുമായെത്തിയ യുവാവ് യൂണിറ്റി ട്രേഡേഴ്സിന്റെ മുന്‍ഭാഗത്തെ സി സി ടി വി ക്യാമറ വാളുകൊണ്ട് തകര്‍ത്ത ശേഷം ലോറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുത്ത് കടന്നു കളയുകയായിരുന്നു.
ഡ്രൈവറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവാവ് ഫോണുമായി രക്ഷപ്പെട്ടത്. യൂണിറ്റി ട്രേഡേഴ്സ് ഉടമ കെ കെ ബാബുരാജ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.