Local

ഇരിട്ടി പാലത്തില്‍ കണ്ടെയിനര്‍ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു…



ഇരിട്ടി: ഇരിട്ടി പാലത്തില്‍ കൂറ്റന്‍ കണ്ടെയിനര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഇരിട്ടി ടൗണില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ ചരക്കിറക്കി തിരിച്ചുപോകുകയായിരുന്ന കണ്ടെയിനര്‍ ലോറിയാണ് ഇരിട്ടി പാലത്തില്‍ കുടുങ്ങിയത്.  കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ ഇരിട്ടിപാലം വഴി ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇവിടെ ഹോം ഗാര്‍ഡുമാര്‍ക്ക് ട്രാഫിക് നിയന്ത്രണത്തിനായി ചുമതലയും നല്‍കിയിരുന്നു.  പാലത്തില്‍ കയറിയ ലോറിയുടെ മുകള്‍ഭാഗം പാലത്തിന്റെ മുകളിലെ ക്രോസ് ബാറില്‍ തട്ടി കുടുങ്ങുകയായിരുന്നു.  കൂറ്റന്‍ ചരക്കുലോറി പാലത്തില്‍ കുടുങ്ങിയതോടെ ഇരുവശങ്ങളില്‍ നിന്നായി വന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം കുരുക്കില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ഇരിട്ടി പോലിസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പാലത്തില്‍ കുടുങ്ങിയ കണ്ടെയിനര്‍ ലോറിയെ പിറകോട്ടെടുപ്പിച്ച് കുരുക്കഴിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്….