പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണെമന്ന് ജുഡീഷ്യല്‍ അന്വേഷണ കമീഷന്. സംഭവത്തില്‍, പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി റിട്ട. ജഡ്ജി പി.കെ. ഹനീഫ അധ്യക്ഷനായ കമീഷന് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ മുന്‍ എസ്.ഐ പി.സി. ചാക്കോ ഗുരുതര അലംഭാവം കാണിച്ചു. മൂത്ത പെണ്‍കുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇളയ കുട്ടിയെ രക്ഷിക്കാമായിരുന്നു. തെളിവ് ശേഖരണത്തിലും മൊഴിയെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥ കാണിച്ചു.
പിന്നീട് രൂപവത്കരിച്ച, നാര്‍ക്കോട്ടിക് ഡിൈവ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടില്ല. ആദ്യഘട്ടത്തിലെ പിഴവുകളാണ് കേസ് ദുര്‍ബലമാകാന്‍ കാരണമായത്. പ്രോസിക്യൂഷനും ഗുരുതര വീഴ്ചകളുണ്ടായി. കൃത്യമായ വിസ്താരംപോലും പല ഘട്ടങ്ങളിലും നടന്നില്ല.
വാളയാര്‍ കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ ഇത്തരം പദവികളിലേക്ക് ഇനി പരിഗണിക്കരുതെന്നും ശിപാര്‍ശയുമുണ്ട്. കേസില്‍ പ്രതിചേര്‍ത്ത അഞ്ചില്‍ നാലുപേരെയും പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ) വെറുതെ വിട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് കമീഷനെ നിയോഗിച്ചത്.
റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികളെടുക്കും. 2017 ജനുവരി 13നും മാര്‍ച്ച് നാലിനും ആണ് സഹോദരിമാരായ പെണ്‍കുട്ടികളെ വീടിെന്റ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തിന് കുട്ടികളുടെ മാതാവ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പ്രോസിക്യൂഷനും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.