Tue. Jan 19th, 2021




തളിപ്പറമ്പ്: വിദേശത്തു നിന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തീ വച്ച് നശിപ്പിച്ചു. കോടതി മൊട്ടയില്‍ മസ്‌ന വില്ലയില്‍ താമസിക്കുന്ന സി.അലിയുടെ കെ.എല്‍ 18 ക്യു 70 18 ഹുണ്ടായ് ക്രീറ്റ കാറാണ് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കാറിന്റെ ഡീസല്‍ ടാങ്ക് പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുട്ടില്‍ രണ്ടുപേര്‍ ഓടിപോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍ കെ.പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. പതിനേഴര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കൃത്യസമയത്ത് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ വീട്ടിലേക്കും പരിസരത്തും തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. വിവരമറിഞ്ഞ് പോലിസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ്കുമാര്‍ എന്നിവരടങ്ങിയ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. കാര്‍ കത്തിക്കാന്‍ കൊണ്ടുവന്ന പെയിന്റില്‍ ചേര്‍ക്കുന്ന ടെര്‍ പെന്റയിനിന്റെ കുപ്പിയും തീപ്പെട്ടിയും വീട്ടുപറമ്പില്‍ നിന്ന് പോലിസ് കണ്ടെത്തി. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലിസ് പറയുന്നു. സംഭവസ്ഥലത്ത് നിരീക്ഷണ ക്യാമറയില്ലാത്തതിനാല്‍ തൊട്ടടുത്ത കെട്ടിടങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പോലിസ് പരിശോധിച്ചുവരികയാണ്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തിയിട്ടുണ്ട്….






By onemaly