കണ്ണൂരില്‍ പട്ടാപകല്‍ മുളക് പൊടി വിതറി കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ വാരം വലിയന്നൂര്‍ സ്വദേശി റുഖിയാ മന്‍സിലില്‍ അഫ്സല് (27) ആണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ 16നാണ് തലശ്ശേരി പഴയബസ് സ്റ്റാന്‍ഡിനു സമീപം എംജി റോഡിലെ ടി ബി കോംപ്ലക്സ് പരിസത്ത് വച്ച് പ്രതി ഉള്‍പ്പെടെയുള്ള അഞ്ച് പേര് കവര്‍ച്ച നടത്തിയത്. എംജി റോഡിലെ ബാങ്കില്‍ നിന്ന് പണയം വെച്ച് സ്വര്‍ണം എടുക്കാന്‍ പോവുകയായിരുന്ന ധര്‍മടം സ്വദേശി റഹീസിന്റെ കൈയില്‍ നിന്ന് അഞ്ചംഗസംഘം 8 ലക്ഷം രൂപയാണ് കവര്‍ന്നത്.
– പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ടവറിനു കീഴില്‍ ഉള്ള ഫോണ്‍കോളുകളും വിശദമായ പരിശോധന നടത്തിയതില്‍ നിന്നാണ് പ്രതി സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. തട്ടിപ്പറിച്ച പണവുമായി പ്രതി ഓടുന്നത് സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
–
തലശേരി ഡിവൈ.എസ്പി മൂസ വള്ളിക്കാടന്, സി ഐ കെ. സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലസ് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടു പ്രതികളെ സംബന്ധിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നൂറുതങ്ങള് എന്നയാള്‍ ഉള്‍പ്പെടെ മറ്റു 4 പേരും വൈകാതെ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.
–
പൊലീസിനെ കണ്ട് വീട്ടില്‍നിന്നിറങ്ങി ഓടിയ പ്രതിയെ മല്‍പിടുത്തത്തിലൂടെയാണ് അന്വേഷണസംഘം കീഴടക്കിയത്. ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മിനീഷ്, സീനിയര്‍ സി.പി.ഒമാരായ ശ്രീജേഷ്, സുജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.