അർബുദം ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിൽ കഴിഞ്ഞ മലയാളിയെ എയർ ആംബുലൻസ് വഴി കേരളത്തിലെത്തിച്ചു. തലശ്ശേരി സ്വദേശി പ്രസാദ് ദാസിനെയാണ് കരിപ്പൂരിൽ എത്തിച്ചത്. വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുവർഷമായി ബ്രിട്ടനിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറിൽ അർബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് ഭീഷണി വ്യാപകമായതിനെ തുടർന്ന് തുടർ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെൻറ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയുമായിരുന്നു.
മന്ത്രാലയങ്ങളുടെ ഉത്തരവ് പ്രകാരം സാങ്കേതികമായി മുംബൈയിലും കരിപ്പൂരിലും സ്റ്റോപ്പ് അനുവദിച്ചു. ഇതേതുടർന്നാണ് പ്രസാദ് ദാസിനെ എയർ ആംബുലൻസിൽ ഇന്ന് രാവിലെ കരിപ്പൂരിലെത്തിച്ചത്. കുടുംബവും സുഹൃത്തുക്കളുമാണ് ഇതിനുള്ള ചെലവ് വഹിച്ചത്. വിദഗ്ദചികിത്സക്കായി ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.