Local

ഇരിട്ടി നഗരസഭയില്‍ ഇത്തവണ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം.



ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ ഇത്തവണ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. കഴിഞ്ഞതവണ എല്‍.ഡി.എഫിന് ലോട്ടറിയടിച്ചതു പോലെയായിരുന്നു പ്രഥമ ഇരിട്ടി നഗരസഭയുടെ ഭരണം ലഭിച്ചത്.

33 അംഗ നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ മുസ്ലീം ലീഗ് നേതാവ് എം.പി അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള മൂന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിട്ടുനിന്നതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു.

രണ്ട് കൗണ്‍സിലര്‍മാര്‍ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് ലീഗില്‍ തിരിച്ചെത്തി. പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച അബ്ദുള്‍ റഹ്മാനെ പാര്‍ട്ടി പുറത്താക്കിയെങ്കിലും പിന്നിട് പാര്‍ട്ടി തിരിച്ചെടുത്തു. എന്നാല്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യത കല്‍പ്പിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുന്നണിയെ വഞ്ചിച്ച കൗണ്‍സിലര്‍ ടി.കെ ഷെരിഫയെ ലീഗ് മത്സരരംഗത്തിറിക്കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് റിബല്‍ രംഗത്തു വന്നെങ്കിലും അവസാന നിമിഷം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. ലീഗ് കൗണ്‍സിലര്‍മാരുടെ ചതി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ ഇപ്പോഴും ഉയരുന്നുണ്ടെന്നതിന് തെളിവുകൂടിയാണിത്.

ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫും ശക്തി കൂടുതല്‍ തെളിയിക്കാന്‍ എന്‍.ഡി.എയും ശക്തമായ മത്സരമാണ് നടത്തുന്നത്. സ്ഥാനാര്‍ത്ഥികള്‍ രണ്ടും മൂന്നും വട്ടം വീടുകളിലെത്തി വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി കഴിഞ്ഞു.

ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രചാരണ രംഗം എല്‍.ഡി.എഫ് സജീവമാക്കുമ്ബോള്‍, നഗരസഭയ പിന്നോട്ടു നയിക്കുകയായിരുന്നു എല്‍.ഡി.എഫ് ഭരണമെന്ന് യു.ഡി.എഫ് വാദിക്കുന്നു. നഗരസഭയില്‍ ശക്തമായ പ്രതിപക്ഷമായി നിലകൊണ്ടത് തങ്ങളായിരുന്നു.എന്നാന്ന് എന്‍.ഡി.എ പറയുന്നത്.

33 വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരം നടക്കുമ്ബോള്‍ 12 വാര്‍ഡുകളില്‍ മത്സരിച്ച്‌ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് എസ്.ഡി.പി.ഐ. കഴിഞ്ഞതവണ പല വാര്‍ഡുകളിലും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചിരുന്നുവെങ്കിലും ഇത്തവണ അവര്‍ യു.ഡി.എഫിന് പിന്തുണ നല്‍കി യു.ഡി.എഫില്‍ നിന്ന് ഒരു സീറ്റ് വാങ്ങി അവര്‍ മത്സരിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ ലഭിക്കുന്നതോടെ കൂടുതല്‍ സീറ്റുകളില്‍ വിജയപ്രതീക്ഷയിലാണ് യു.ഡി എഫ്. കഴിഞ്ഞ തവണ യു.ഡി. എഫ് 15, എല്‍.ഡി.എഫ് 13, ബി.ജെ.പി 5 എന്ന നിലയിലായിരുന്നു കക്ഷിനില.