തളിപ്പറമ്പ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തി കഴുത്ത് ഞെരിച്ച് മാല കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അഴീക്കല്‍ മാളിയേക്കല്‍ ഹൗസില്‍ സോളമന് ഏലിയാസ് എന്ന പീറ്റര്‍ (40), ബക്കളം മോറാഴയിലെ തീര്ത്ഥപൊയില് ഹൗസില്‍ ടി.പി അര്‍ഷാദ് (36) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ സാമ്രാജ് നഗറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
കെ.എല്‍ 13 എ.ജെ 2932 പള്‍സര്‍ ബൈക്കില്‍ എത്തിയാണ് പ്രതികള്‍ മാല മോഷ്ടിച്ചത്. പ്രതികള്‍ക്കെതിരേ നേരത്തെ മയ്യില്‍ പോലിസിലും മോഷണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ എന്‍.കെ സത്യനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ വി.സി സഞ്ജയ്കുമാര്‍, അഡി. എസ്.ഐ പുരുഷോത്തമന്, എ.എസ്.ഐ എ.ജി അബ്ദുല്‍ റൗഫ്, സീനിയര്‍ സി.പി.ഒ സ്നേഹേഷ്, സി.പി.ഒ ബിനീഷ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, സമീപത്തെ നിരീക്ഷണ ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതികളിലേക്ക് എത്തിയത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പറശിനിക്കടവ് നണിച്ചേരിയിലെ കുരാകുന്നേല് രോഹിണി (68) യുടെ മാലയാണ് ശ്മശാനത്തിന് സമീപം വച്ച് കവര്‍ന്നത്. ഹെല്‍മെറ്റും മാസ്കും ധരിച്ച രണ്ടംഗ സംഘത്തിലെ പിന്നിലിരുന്നയാളാണ് ഇറങ്ങിവന്ന് വീട്ടമ്മയുടെ മുഖം തിരിച്ച ശേഷം കഴുത്ത് ഞെരിച്ച് മാല കവര്‍ന്ന് രക്ഷപ്പെട്ടത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും കവര്‍ച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു.