ന്യൂയോര്‍ക്ക്: കൊവിഡിനെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് കരുതിയിരുന്ന ‘ റെംഡെസിവിര്‍ ‘ എന്ന മരുന്നിന്റെ പരീക്ഷണം പരാജയപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. മരുന്ന് രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കുന്നില്ലെന്നും വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. യു.എസ് കമ്ബനിയായ ഗിലെയ്ഡ് സയന്‍സസ് ആണ് മരുന്നിന്റെ നിര്‍മാതാക്കള്‍.
ലോകാരോഗ്യ സംഘടന തങ്ങളുടെ വെബ്സൈറ്റിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡേറ്റാബേസിലൂടെയാണ് മരുന്നിന്റെ ട്രയല്‍ പരാജയപ്പെട്ടതായുള്ള വിവരം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ലോകാരോഗ്യ സംഘടന ഇത് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു. മരുന്നിനെ പറ്റിയുള്ള വിവരം തങ്ങള്‍ തെറ്റായി അപ്ലോഡ് ചെയ്തതാണെന്നും വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
ചൈനയില്‍ നടത്തിയ റെംഡെസിവിര്‍ പരീക്ഷണമാണ് വിജയം കാണാതെ പോയത്. 237 പേരിലാണ് പരീക്ഷണം നടന്നത്. ഇതില്‍ 158 പേര്‍ക്ക് റെംഡെസിവിര്‍ നല്‍കിയും ബാക്കി 79 പേര്‍ക്ക് സാധാരണ മരുന്നു നല്‍കിയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം റെംഡെസിവിര്‍ സ്വീകരിച്ച 13.9 ശതമാനം പേരും മരിച്ചു. അതേ സമയം താത്കാലിക മരുന്ന് ലഭിച്ചവരില്‍ 12.8 ശതമാനം മരണത്തിന് കീഴടങ്ങി. ചിലരില്‍ പാര്‍ശ്വഫലവും കണ്ടെത്തിയിരുന്നു. അധികം വൈകാതെ തന്നെ മരുന്നിന്റെ പരീക്ഷണം നിറുത്തകായിരുന്നു. റെംഡെസിവിറിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലേഖനത്തില്‍ പറഞ്ഞിരുന്നത്. അതേസമയം, മരുന്ന് ഫലപ്രദമാണോ എന്നറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ വേണ്ടി വരുമെന്നും തുടക്കത്തില്‍ ചികിത്സിച്ച രോഗികളില്‍ മരുന്ന് ഗുണം ചെയ്തെന്നുമാണ് റെംഡെസിവിറിന്റെ നിര്‍മാതാക്കളായ ഗിലെയ്ഡ് പ്രതികരിച്ചത്.