Local

ഏരുവേശി കള്ളവോട്ട് കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി തളിപ്പറമ്ബ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി



തളിപ്പറമ്ബ്: ഏരുവേശി കള്ളവോട്ട് കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി തളിപ്പറമ്ബ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കിയ കള്ളവോട്ട് ചെയ്ത 25 പേരെയും പ്രതി ചേര്‍ക്കണമെന്ന പരാതിക്കാരന്‍ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഹര്‍ജി കോടതി അംഗീകരിച്ചു.

ഇന്നലെ തളിപ്പറമ്ബ് മജിസ്‌ട്രേട്ട് കോടതിയാണ് ഇത് സംബന്ധിച്ച്‌ വിധി പ്രസ്താവിച്ചത്. കള്ളവോട്ട് ചെയ്ത 25 പേര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനും ഇവര്‍ കള്ളവോട്ട് ചെയ്ത യഥാര്‍ത്ഥ വോട്ടര്‍മാരെ സാക്ഷികളായി ഉള്‍പ്പെടുത്താനും കുടിയാന്‍മല പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ ഏരുവേശ്ശിയില്‍ ഒരു ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ വോട്ടിംഗ് ഉദ്യോഗസ്ഥരും നേരത്തെ താന്‍ നല്‍കിയ പ്രതിപ്പട്ടികയില്‍ നിന്ന് പൊലീസ് ഒഴിവാക്കിയ 25 പേരെ പ്രതിയാക്കണമെന്ന് ഹരജിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളിയും നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായകമായ വിധി കോടതി പുറപ്പെടുവിച്ചത്.

തെരഞ്ഞെടുപ്പില്‍ ഏരുവേശ്ശി കെ.കെ.എന്‍.എം.എ യു.പി സ്‌കൂളിലെ 109ാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. 154 പേരുടെ കള്ളവോട്ട് ഈ ബൂത്തില്‍ ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഏരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്‍മല പൊലീസിലാണ് ഇത് സംബന്ധിച്ച്‌ ആദ്യം പരാതി നല്‍കിയത്. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജോസഫ് തളിപ്പറമ്ബ് കോടതിയില്‍ ഹര്‍ജി നല്‍കി. കള്ളവോട്ട് ചെയ്തതിന് തെളിവില്ലെന്ന് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഇതോടെ എസ്‌.ഐയെ അടക്കം പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 2016 ഫെബ്രുവരിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ് കെമാല്‍ പാഷ കണ്ണൂര്‍ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

രേഖകള്‍ പ്രകാരം പട്ടാളത്തില്‍ ജോലി ചെയ്യുന്ന നാലുപേരുടെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന 17 പേരുടെയും ഉള്‍പ്പെടെ 58 കള്ളവോട്ടുകള്‍ ചെയ്തതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തത്. ഏരുവേശ്ശി കെ.കെ.എന്‍.എം.എ യു.പി സ്‌കൂളിലെ 109ാം ബൂത്തിലെ ബി.എല്‍.ഒ ഏരുവേശി മുയിപ്രയിലെ കെ. വി. അശോക് കുമാര്‍, പെരളശ്ശേരി മക്രേരിയിലെ വി.കെ. സജീവന്‍, പാനുണ്ട എരുവാട്ടിയിലെ കെ.വി. സന്തോഷ് കുമാര്‍, ധര്‍മ്മടം സ്വദേശി എ.സി. സുധീപ്, പിണറായിലെ വാരിയമ്ബത്ത് ഷജനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഈ കേസില്‍ 2017 ജൂണ്‍ 28ന് കുടിയാന്‍മല പൊലീസ് തളിപ്പറമ്ബ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അശോക് കുമാര്‍ ഒഴികെയുള്ള 4 പ്രതികളാണ് കേസില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.