kerala

സംസ്ഥാനത്തിന്‍െറ അനുമതിയില്ലാതെ സി.ബി.ഐക്ക്​ കേസെടുക്കാനാവില്ല-സുപ്രീംകോടതി



ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ സി.ബി.ഐക്ക്​ ഏകപക്ഷീയമായി കേസുകളില്‍ ഇടപെടാനാവില്ലെന്ന്​ സുപ്രീംകോടതി. സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐയുടെ അധികാരപരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും​ കഴിയില്ല. യു.പിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ്​ സുപ്രീംകോടതി പരാമര്‍ശം.

നിയമമനുസരിച്ച്‌​ സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐക്ക്​ കേസെടുക്കാനാവില്ല. അത്തരം നടപടിയുമായി സി.ബി.ഐ മുന്നോട്ട്​ പോവുകയാണെങ്കില്‍ അത്​ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാവുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.സി.ബി.ഐയുടെ അധികാര പരിധി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക്​ അപ്പുറം മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ വ്യാപിപ്പിക്കണമെങ്കില്‍ അതാത്​ സര്‍ക്കാറുകളുടെ അനുമതി വേണം. സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ്​ എസ്​റ്റാബ്ലിഷ്​മെന്‍റ്​ ആക്​ടിലെ വിവിധ സെക്ഷനുകളില്‍ ഇക്കാര്യം വ്യക്​തമായി പറയുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്​തമാക്കി.

രാജസ്ഥാന്‍, പശ്​ചിമബംഗാള്‍,ഝാര്‍ഖണ്ഡ്​, കേരള, മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, പഞ്ചാബ്​, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐക്ക്​ കേസുകള്‍ അന്വേഷിക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സുപ്രീംകോടതിയുടെ സുപ്രധാന പരാമര്‍ശം.