kerala

സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രകോപിതനായി ഋഷിരാജ് സിങ്; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തി ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കേസുകൊടുക്കും;



തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ജയില്‍ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്നാണ് ഋഷിരാജ് സിങ്ങിന്റെ മുന്നറിയിപ്പ്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയെന്നും ആദ്യദിനം 15 പേരാണ് എത്തിയതെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചത്.

തോമസ് ഐസക്കുമായി സ്വപ്ന നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം പതിനഞ്ചോളം പേര്‍ സന്ദര്‍ശിക്കാനെത്തി. വനിതാ ജയില്‍ സൂപ്രണ്ട് ചട്ടവിരുദ്ധമായി സന്ദര്‍ശകരുടെ പേര് വിവരം രജിസ്റ്റര്‍ ചെയ്യാതെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ജയില്‍ വകുപ്പിനെ അവഹേളിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെയാണ് ജയില്‍ മേധാവി ഋഷിരാജ് സിങ് തന്നെ രംഗത്തെത്തിയത്.

സന്ദര്‍ശകരില്‍ മുഖ്യമന്ത്രിയുടേയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകള്‍ ഉണ്ടെന്നും കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കാന്‍ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിലിലെ ചട്ടങ്ങള്‍ ലംഘിച്ചാണ് സന്ദര്‍ശനമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്കു മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി. ജയില്‍ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. സന്ദര്‍ശന അപേക്ഷ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ച്‌ അവരുടെ കൂടെ സമ്മതത്തിലും സാന്നിധ്യത്തിലും ബുധനാഴ്ച 3 മണിക്കാണ് സന്ദര്‍ശനം നടന്നിട്ടുള്ളത്. ഈ വിവരങ്ങള്‍ ജയിലിലെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസിലാകും. വാര്‍ത്ത പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.