തിരുവനന്തപുരം: ജനപ്രിയ ബ്രാന്‍ഡായ ജവാന് റമ്മിന്റെ മൂന്ന് ബാച്ച് മദ്യം വില്‍ക്കരുതെന്ന് എക്സ്സൈസ് നിര്‍ദ്ദേശം നല്കി. ജൂലായ് 20ന് നിര്‍മ്മിച്ച 245, 246, 247 ബാച്ച് മദ്യത്തിന്റെ വില്പനയാണ് തടഞ്ഞത്. ഈഥൈല്‍ ആല്‍ക്കഹോളിന്റെ കുറവും പൊടിയും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വില്പന തടഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം.
കെമിക്കല്‍ എക്സാമിനേഷന് ലാബില്‍ നടത്തിയ മൂന്ന് ബാച്ച് മദ്യത്തിന്റെ സാമ്ബിള്‍ പരിശോധനയില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ജവാനില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 42.86 ആണ് നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ പരിശോധനയ്ക്ക് അയച്ച സാമ്ബിളുകളില്‍ 39.09, 38.31, 39.14 എന്നിങ്ങനെയായിരുന്നു അളവ്. ഇതിനെത്തുടര്‍ന്നാണ് ഈ മൂന്നുബാച്ചുകളും വില്‍ക്കരുതെന്ന് എക്സ്സൈസ് നിര്‍ദ്ദേശം നല്‍കിയത്.
എക്സൈസിന്റെ നിര്‍ദേശം വന്ന ഉടന്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞു. ജവാന് മദ്യംകഴിഞ്ഞ നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് എക്സ്സൈസ് പറയുന്നത്.
വില കുറവായതിനാല്‍ സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്. സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സാണ് ഈ മദ്യത്തിന്റെ ഉല്പാദകര്. ആവശ്യക്കാര്‍ കൂടിയതിനാല്‍ ജവാന്റെ ഉല്‍പ്പാദനം കൂട്ടണമെന്ന് ബിവറേജസ് കോര്പ്പറേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.