പയ്യന്നൂര്‍: ( 17.11.2020) സിപിഐഎമ്മിന്റെ ജാതിവിവേചനവും ആക്രമണവും കാരണം മനംമടുത്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങി ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ഉണ്ടാവുന്ന ജാതി വിവേചനവും ആക്രമണവും സഹിക്കാനാവാതെ പയ്യന്നൂരിലെ താമസസ്ഥലം പോലും ഉപേക്ഷിക്കേണ്ടിവന്ന ദലിത് സ്ത്രീയാണ് ചിത്രലേഖ. കഴിഞ്ഞ 20 വര്‍ഷത്തോളമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടിയെങ്കിലും ഇനിയും പിടിച്ചുനില്ക്കാന് കഴിയാത്ത സ്ഥിതിയിലാണ് പുതിയ തീരുമാനത്തിലേക്ക് എത്തിയതെന്ന് ചിത്രലേഖ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രലേഖ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി. പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഐഎം രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. എന്നാല്‍ തന്നെ പുതിയ സ്ഥലത്തും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഐഎം അതിക്രമങ്ങള്‍ തുടരുകയാണെന്നും ചിത്രലേഖ കുറിപ്പിലൂടെ വ്യക്തമാക്കി.
ഭര്‍ത്താവ് ശ്രീകാന്തും ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കടുത്ത ജാതിവിവേചനവും ആക്രമണങ്ങളും പാര്‍ട്ടിയില്‍ നിന്നും ഉണ്ടായതോടെയാണ് നേരത്തെ താമസിച്ചിരുന്ന പയ്യന്നൂര്‍ എടാട്ടില്‍ നിന്നും 2015ല്‍ ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കാട്ടാമ്ബള്ളിയിലേക്ക് മാറുന്നത്. എന്നാല്‍ അവിടെയും സൈ്വര്യം ഉണ്ടായില്ല. ഇപ്പോഴും ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം പരാതികള്‍ നല്‍കുകയും സമരം ചെയ്യുകയും ചെയ്തെങ്കിലും അധികൃതര്‍ കണ്ണു തുറന്നില്ലെന്ന് ചിത്രലേഖ പറയുന്നു.
2005 ല്‍ ഓട്ടോറിക്ഷയുമായി ഇറങ്ങിയപ്പോഴായിരുന്നു ചിത്രലേഖയ്ക്കെതിരായ ജാതീയ ആക്രമണം പ്രത്യക്ഷത്തില്‍ തുടങ്ങിയത്. ആ വര്‍ഷം ഡിസംബര്‍ 31ന് ഓട്ടോറിക്ഷ കത്തിക്കുകയും വീടു കയറി ആക്രമണം ഉണ്ടാവുകയും ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച വീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതോടെ റദ്ദാക്കുകയും ചെയ്തു.
2015ല്‍ പുതിയ സ്ഥലത്ത് എത്തിയപ്പോള്‍ മുതല്‍ വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും കഴിയുന്നത്. ലൈഫ് മിഷന് പദ്ധതിയുടെ ഉദ്ഘാടനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയതോടെ പണി തീരാത്ത വീടിനു മുന്നില്‍ ചിത്രലേഖ സത്യഗ്രഹം നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടുത്തെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ മാറ്റിവച്ചിരുന്നു.
ചിത്രലേഖയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഎം പാര്‍ട്ടിയുടെ അക്രമങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമാണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്ക്കാന് കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞു ആരും ഈ വഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സിപിഎമ്മിന് മുന്നില്‍, ഇനിയും സൈ്വര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സിപിഎമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം.