home

നെറ്റ്‌ഫ്ലിക്സും ആമസോൺ പ്രൈമും പോലുള്ള ഓവർ ദി ടോപ്പ് (ഒ.ടി.ടി.) പ്ലാറ്റ്‌ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുളെയും നിയന്ത്രിക്കാനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കുന്നു.



ന്യൂഡൽഹി: നെറ്റ്‌ഫ്ലിക്സും ആമസോൺ പ്രൈമും പോലുള്ള ഓവർ ദി ടോപ്പ് (ഒ.ടി.ടി.) പ്ലാറ്റ്‌ഫോമുകളെയും ഓൺലൈൻ വാർത്താ പോർട്ടലുളെയും നിയന്ത്രിക്കാനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ തയ്യാറാക്കുന്നു. ഈ രംഗത്തുള്ള വിവിധ ഏജൻസികളുമായി ചർച്ചകൾക്കുശേഷമാകും ചട്ടങ്ങളുണ്ടാക്കുക. ഇവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരേ സമ്മിശ്ര പ്രതികരണങ്ങളുയർന്നിട്ടുണ്ടെങ്കിലും നടപടിയുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.

അതേസമയം ഏതുവിധത്തിലായിരിക്കും നിയന്ത്രണങ്ങളെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർവൃത്തങ്ങൾ നൽകുന്ന വിവരം. നിലവിൽ ദൃശ്യമാധ്യമങ്ങൾക്കുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ‘പ്രോഗ്രാം കോഡ്’ (നിയമങ്ങൾ) ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കും ബാധകമാക്കുകയെന്നതാണ് ഒരു സാധ്യത. അല്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരികയോ സ്വയംഭരണാധികാരമുള്ള സമിതിയെ നിയോഗിക്കുകയോ ചെയ്യാം.

ചൊവ്വാഴ്ചയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെയും ഓൺലൈൻ പോർട്ടലുകളെയും വാർത്താവിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന്റെ കീഴിലാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുവഴി ഇവയിലെ ഉള്ളടക്കം പരിശോധിക്കാനും ആവശ്യമെങ്കിൽ സെൻസർഷിപ്പ് ഏർപ്പെടുത്താനും സർക്കാരിന് സാധിക്കും.