kerala

ദാ ബൈക്കില്‍ പാഞ്ഞുവരുന്നു സ്ഥാനാര്‍ഥി



കോഴിക്കോട്> കൈവീശി ചിരിതൂകി നില്‍ക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ തെരഞ്ഞെടുപ്പ് കാലത്ത് സാധാരണം. എന്നാല്‍ സ്ഥാനാര്‍ഥി ബുള്ളറ്റില്‍ പാഞ്ഞുവരുന്ന ചിത്രമായാലോ. അതും ഒരു യുവതി. അതെ, ഒളവണ്ണയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശാരുതിയാണ് ബൈക്കില്‍ സഞ്ചരിക്കുന്ന പോസ്റ്ററിറക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നവതരംഗമുയര്‍ത്തുന്നത്.

ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഈ മിടുക്കി. കേവലം പ്രചാരണ കൗതുകത്തിനായിറക്കിയതല്ല ബൈക്കോടിക്കുന്ന പോസ്റ്റര്‍. ഒന്നും പുരുഷന്റെ മാത്രം കുത്തകയല്ല എന്ന് വിശ്വസിക്കുന്ന സമതയുടെ പ്രചാരകയായ ശാരുതിയുടെ ബൈക്ക് സഞ്ചാരം ഇരിങ്ങല്ലൂര്‍ക്കാര്‍ക്ക് പുതുമയല്ല. വര്‍ഷങ്ങളായി അച്ഛന്‍ മനോഹരന്റെ ബൈക്കിലാണ് ഈ പെണ്‍കുട്ടിയുടെ സാമൂഹിക–രാഷ്ട്രീയ പ്രവര്‍ത്തന യാത്രകള്‍.

കോവിഡ് നാടിനെ വിഴുങ്ങുന്ന കാലത്ത് ജീവകാരുണ്യപ്രവര്‍ത്തനത്താല്‍ വാര്‍ത്തകളില്‍ ശ്രദ്ധനേടിയിരുന്നു ശാരുതി. ഇരിങ്ങല്ലൂരിലെ റേഷന്‍കടക്കാരന് കോവിഡ് ബാധിച്ചപ്പോള്‍ കടയുടെ പ്രവര്‍ത്തനം ഏറ്റെടുത്ത് ഭംഗിയായി നടത്തി. ചാലിക്കരയിലെ കോവിഡ് കെയര്‍സെന്ററില്‍ വളന്റിയറായും സമൂഹ അടുക്കളയുടെ ചുമതലക്കാരിയായും നിറഞ്ഞ ശാരുതി സിപിഐ എം ഇരിങ്ങല്ലൂര്‍ ബ്രാഞ്ചംഗമാണ്

. മലപ്പുറം ചേലേമ്ബ്രയിലെ ഭവന്‍സ് ലോ കോളേജില്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ഥി. അച്ഛന്‍ പറശേരി മനോഹരനും അമ്മ എം റജീനയും മകളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ശക്തിയും പ്രോത്സാഹനവുമായി കൂടെയുണ്ട്.

എസ്‌എഫ്‌ഐ പ്രവര്‍ത്തകയായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തിറങ്ങിയത്. ഇപ്പോള്‍ ഡിവൈഎഫ്‌ഐ കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗമാണ്. ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ ‘ബേബി’യായ ഈ ഇരുപത്തിരണ്ടുകാരി നാട്ടുകാര്‍ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തില്‍ വോട്ട് തേടി ബൈക്കിലും കാല്‍നടയായും പ്രചാരണത്തില്‍ സജീവമായിക്കഴിഞ്ഞു.