kerala

വീട്ടില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി 20കാരിയുമായി ഒളിച്ചോടിയ 58 കാരനായ പാസ്റ്റര്‍ അറസ്റ്റില്‍, പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്



വീട്ടില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി ഇരുപതുവയസുകാരിയുമായി പ്രണയത്തിലായി ഒളിച്ചോടിയ പാസ്റ്റര്‍ അറസ്റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു പാസ്റ്റര്‍ നാടുവിട്ടത്. കഴിഞ്ഞ 27ന് മുണ്ടക്കയതെത്തിയ ഇരുവരും മൊബൈല്‍ഫോണുകള്‍ വിറ്റ ശേഷം തമിഴ്നാട്ടിലേക്കു കടന്നു.

കമ്ബത്ത് എത്തിയശേഷം പാസ്റ്ററുടെ ബൈക്കും വിറ്റു. കമ്ബം , തേനി എന്നിവിടങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് ഇവര്‍ കഴിഞ്ഞത്. യുവതിയുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററുമായുള്ള അടുപ്പം കണ്ടെത്തിയത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആറുമാസം മുമ്ബാണു പാസ്റ്റര്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ഥനയ്ക്കെത്തിയത്.

ഫോണ്‍വിളികള്‍ പതിവായതോടെ ഇരുവരും പ്രണയത്തിലായി. വീട്ടില്‍ വിവാഹാലോചനകള്‍ വന്നതോടെ നാടുവിടാമെന്നു യുവതി പാസ്റ്ററോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടില്‍ കത്ത് എഴുതി വച്ച ശേഷമാണു പാസ്റ്ററും യുവതിയും മുങ്ങിയത്. കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എല്‍. സലിമോന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ്, രതീഷ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.