കോഴിക്കോട്: ( 09.11.2020) വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചു എന്ന കേസില്‍ കെ എം ഷാജി എം എല്‍ എക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. അഡ്വ.എം ആര് ഹരീഷ് നല്കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാറാണ് വിജിലന്‍സ് എസ് പിയോട് പ്രാഥമികാന്വേഷണത്തിന് നിര്‍ദേശിച്ചത്.
അതേസമയം അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശയുടെ മൊഴി എന്‍ഫോഴ്സ്മെന്റ് രേഖപ്പെടുത്തും. തിങ്കളാഴ്ച രാവിലെ ഷാജിയുടെ ഭാര്യ ആശ കോഴിക്കോടുളള ഇ ഡി ഓഫീസില്‍ ഹാജരായി. കണ്ണൂര്‍ അഴിക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നുളള കേസിന്റെ ഭാഗമായാണ് വരവില്‍ കവിഞ്ഞ സ്വത്തുണ്ടോ എന്ന് ഇ ഡിയുടെ പരിശോധന. ഇതിന്റെ ഭാഗമായാണ് ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നത്.
ഇഡിക്ക് ഷാജി ആദ്യഘട്ടത്തില്‍ നല്കിയ സ്വത്തുവിവരവും യഥാര്‍ത്ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാന്‍ നേരത്തേ അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇ ഡി അളന്ന് തിട്ടപ്പെടുത്തിരുന്നു. കോഴിക്കോട്ട് വീട്ടില്‍ അനധികൃത നിര്‍മാണമുണ്ടെന്ന് കോര്പ്പറേഷന് കണ്ടെത്തിയിരുന്നു.
കണ്ണൂരിലെ വീട് എം എല്‍ എയുടെ ഭാര്യയുടെ പേരില്‍ 2012-ലാണ് വാങ്ങിയത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് കണക്കാക്കിയത്. 2016-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ സ്വത്ത് വെളിപ്പെടുത്തലില്‍ ഈ വീട് കാണിച്ചിട്ടുണ്ട്. നിലവില്‍ ഏകദേശം 27 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
പ്ലസ് ടു കോഴ കേസില്‍ ലീഗ് നേതാവും പി എസ് സി മുന്‍ അംഗവുമായ ടി ടി ഇസ്മഈലിനെ എന്‍ഫോഴ്സ്മെന്റ് മുന്‍പ് ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂര്‍ നീണ്ട അന്നത്തെ ചോദ്യം ചെയ്യലില്‍ മൂന്ന് പേര് ചേര്‍ന്നാണ് ഷാജിയുടെ വേങ്ങേരിയിലെ ഭൂമി വാങ്ങിയതെന്നും ഇവിടെ വീട് നിര്‍മിച്ചത് ഷാജിയാണെന്നും ഇസ്മഈല്‍ മൊഴി നല്‍കിയിരുന്നു.