പടിയൂര്‍: പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂരില്‍ സ്ഥാപിക്കുന്ന തെരുവ്നായ പ്രജനന നിയന്ത്രണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു നിര്‍വഹിക്കുകയുണ്ടായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കി 63 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
ജീവനക്കാര്‍ക്കുള്ള ക്വാട്ടേഴ്സ്, ഷെഡ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തില്‍ ഉള്‍പ്പെടുത്തും. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം മോഹനന്, അംഗങ്ങളായ കെ. റീന, പി.കെ ജനാര്ദ്ദനന്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി ഗിരീഷ് ബാബു തുടങ്ങിയവരും പങ്കെടുത്തു.