Local

പ്രതിപക്ഷമില്ലാത്ത നഗരസഭ; വിവാദത്തിലും അംഗീകാരം



തളിപ്പറമ്ബ് : സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയാണ് ആന്തൂര്‍ നഗരസഭ. പുതിയ നഗരസഭയായതിനാല്‍ ഒന്നില്‍ നിന്നും തുടങ്ങിയതാണ് ഇവിടെ. തുടക്കത്തിലുണ്ടായ പ്രതിസന്ധികള്‍ തരണംചെയ്ത് കാലാവധി പൂര്‍ത്തീകരിക്കുമ്ബോള്‍ ഇന്ന് സംസ്ഥാനത്തെ മികച്ച നഗരസഭയായി അറിയപ്പെടുകയാണ് ആന്തൂര്‍ നഗരസഭ. അഞ്ചുവര്‍ഷത്തിനിടെ നിരവധി അംഗീകാരങ്ങള്‍ നഗരസഭയെ തേടിയെത്തുകയുണ്ടായി.

ജനക്ഷേമകരമായ വികസന പദ്ധതികള്‍ ജനകീയ കൂട്ടായ്മയിലൂടെ ഫലപ്രദമായി നിര്‍വഹിക്കാന്‍ പി .കെ. ശ്യാമള ചെയര്‍പേഴ്സണും കെ.ഷാജു വൈസ് ചെയര്‍മാനുമായ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട് .50 ഹെക്ടര്‍ തരിശ് നിലം കൃഷിചെയ്യുകയുണ്ടായി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 560 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിരിക്കുകയാണ്. നെല്‍കൃഷി വികസനത്തിന് രണ്ടര കോടി രൂപയും പച്ചക്കറി കൃഷിക്ക് 80 ലക്ഷം രൂപയും ഇതിനോടകം ചെലവഴിക്കുകയുണ്ടായിട്ടുണ്ട്.

തെങ്ങിന് ജൈവവളം 40 ലക്ഷം രൂപ വിനിയോഗിച്ചു. ജലസംരക്ഷണവും കാര്‍ഷിക രംഗത്തെ അഭിവൃദ്ധിയും ലക്ഷ്യമിട്ട് 8 നീര്‍ത്തടങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. മോറാഴ നീര്‍ത്തടത്തിന് ഫണ്ട് അനുവദിക്കുകയുമുണ്ടായി. എ.കെ.ജി ഐലന്റില്‍ 500 തെങ്ങിന്‍ തൈ നട്ട് പിടിപ്പിച്ചിരുന്നു. കടമ്ബേരി വനിതാ വ്യവസായ യൂണിറ്റ് വികസിപ്പിച്ച്‌ ചകിരി യൂണിറ്റ് തുടങ്ങിയിട്ടുണ്ട്.ഹരിത കേരള മിഷനുമായി ചേര്‍ന്ന് ആരോഗ്യ കേരളത്തിന് ക്ലീന്‍ ആന്തൂര്‍ ഗ്രീന്‍ ആന്തൂര്‍ എന്ന ബൃഹത്തായ പദ്ധതി നടപ്പില്‍ വരുത്തി. 5000 റിംഗ് കമ്ബോസ്റ്റുകളും നൂറില്‍പരം ബയോഗ്യാസ് പ്ലാന്റുകളും നല്‍കിയിരുന്നു. ഹരിതകര്‍മ്മസേന രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.