National

തമിഴ്നാട്ടില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ നടത്തിയ ‘വേല്‍’ യാത്ര പോലീസ് തടഞ്ഞു; നിരവധിപേര്‍ പോലീസ് പിടിയില്‍



ചെന്നൈ: തമിഴ്‍നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ എല്‍ മുരുകന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. തിരുവള്ളൂരില്‍ വച്ചാണ് പൊലീസ് യാത്ര തടഞ്ഞത്. രാവിലെ പൂനമല്ലിക്ക് സമീപത്തും പൊലീസ് യാത്ര തടഞ്ഞിരുന്നു. മുരുകന്‍റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര. എന്നാല്‍ ബാബ്റി മസ്ജിത്ത് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6 ന് അവസാനിക്കുന്ന വേല്‍ യാത്ര വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ, സിപിഎം ഉള്‍പ്പടെ ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്‍റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചര്‍ച്ചകള്‍ സജീവമാണ്.