Local

പുഴ കരയെടുക്കുന്നു ഈ ക്ഷേത്രത്തെ ആര് രക്ഷിക്കും ദൈവമേ…!!



ഇരിട്ടി: വേനല്‍ക്കാലങ്ങളില്‍ പഴശ്ശിയില്‍ ജലനിരപ്പ് ഉയരുകയും മഴക്കാലത്ത് മലവെള്ളം കുത്തി ഒഴുകുകയും ചെയ്തതോടെ പുഴയോരത്തെ ക്ഷേത്രഭൂമി ഇടിഞ്ഞു തീരുകയാണ്. പഴശ്ശി പദ്ധതി പ്രദേശത്തെ കീഴൂര്‍ മഹാദേവ ക്ഷേത്രമാണ് ഭീഷണി നേരിടുന്നത്. പുഴക്കടവും ഇതോട് ചേര്‍ന്ന ക്ഷേത്ര ഭൂമിയും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ക്ഷേത്ര ഭരണസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ഓരോ വര്‍ഷകാലം കഴിയുമ്ബോഴും ഭൂമി പുഴയെടുത്ത് ഇടിയുന്നതോടെ കെട്ടിടങ്ങളുടെ ഉറപ്പിനെ ബാധിക്കുന്നുണ്ട്. ഇരിട്ടി പാലത്തില്‍ നിന്നും ഏതാനും വാരമാത്രം അകലത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി പുഴയില്‍ കൊണ്ടുതള്ളിയ മണ്ണ് മുഴുവന്‍ കഴിഞ്ഞ കാലാവര്‍ഷങ്ങളില്‍ കുത്തിയൊഴുകി വന്ന് പുഴയില്‍ അടിയുകയും ഗതിമാറി ഒഴുകിയ പുഴ ഇപ്പോള്‍ ക്ഷേത്ര ഭൂമിയെ ഇടിച്ചു തീര്‍ക്കുകയുമാണ്.

പദ്ധതിയില്‍ വെള്ളം താഴ്ന്നു കിടക്കുന്ന സമയത്തുമാത്രമേ ഇത് കെട്ടി ഉയര്‍ത്തി സംരക്ഷിക്കാനാവുകയുള്ളു. പദ്ധതിയുടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം സംഭരിക്കുന്നതിനു മുന്‍പ് ഇതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പഴശ്ശി പദ്ധതി നിലവില്‍ വന്നത് മുതല്‍ നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ നല്‍കിയതല്ലാതെ നടപടി ഉണ്ടായിട്ടില്ല. എം.എല്‍.എമാര്‍, എം.പിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.

കര്‍ക്കിടക വാവ് ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പുണ്യ നദികൂടിയായി കണക്കാക്കുന്ന ബാവലയില്‍ ബലിതര്‍പ്പണത്തിനായി എത്തുന്നത്. ജില്ലയിലെ അറിയപ്പെടുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രം എന്നതുകൂടി കണക്കിലെടുത്ത് അധികൃതര്‍ കരയിടിച്ചില്‍ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ഭുവനദാസന്‍ വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം. പ്രതാപന്‍, കെ.ഇ. നാരായണന്‍ എം. സുരേഷ് ബാബു, ഇ.ജി. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.