മുംബൈ: ആലിബാഗ് കോടതിയുടെ ഉത്തരവ് പ്രകാരം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അര്‍ണബിന്റെ കേസ് പരിഗണിക്കുന്ന അലിബാഗ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നതായി അര്‍നബിന്റെ അഭിഭാഷകരായ ആബാദ് പോണ്ടെ, ഗൗരവ് പാര്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. ഇതും വ്യാഴാഴ്ച പരിഗണിച്ചേക്കും. അര്‍ണാബിന്റെ കേസില്‍ മറുപടി നല്കാന് പോലിസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് അര്‍ണാബിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഇന്റീരിയര്‍ ഡിസൈനറായ അന്വേ നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ അര്മാബിനും വ്യവസായികളായ ഫിറോസ് ഷെയ്ക്കിനും നിതേഷ് ദര്ദയ്ക്കും പങ്കുണ്ടെന്നാണ് ആരോപണം.
ഐപിസി 306 ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍, ഐപിസി 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഗോസ്വാമിക്കെതിരേ കേസെടുത്തത്.
അര്‍ണബിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതിനും തടസ്സപ്പെടുത്തിയതിനും ചീത്തവിളിച്ചതിനും അര്‍നബിന്റെ ഭാര്യയ്ക്കും മകനുമെതിരേ മറ്റൊരു എഫ്ഐആര്‍ കൂടെ ചുമത്തിയിട്ടുണ്ട്. ഇരുവരും സര്‍ക്കാര്‍ രേഖകള്‍ കീറിയെറിഞ്ഞുവെന്നും ആരോപിക്കുന്നു. എന്‍എം ജോഷി മാര്‍ഗ് സ്റ്റേഷനിലാണ് ഐപിസി 353, 504, 506 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
രണ്ട് വ്യത്യസ്ത കമ്ബനികളുടെ ഉടമകളായ അര്‍നബും മറ്റ് രണ്ടുപേരും 5.40 കോടി രൂപ കുടിശ്ശിക നല്‍കാത്തതിനാലാണ് താനും അമ്മയും ജീവന് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അന്വേ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. നായ്ക്കിന്റെ കമ്ബനിയായ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അറസ്റ്റിലായ അര്‍ണബ്, ഫിറോസ് ഷെയ്ക്ക്, നിതേഷ് ദര്‍ദ എന്നിവര്‍ യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ എന്നിങ്ങനെ കുടിശ്ശിക നല്‍കാനുണ്ടെന്നാണ് ആത്മഹത്യാ കുറിപ്പില്‍ നായിക്ക് കുറിച്ചിരുന്നത്.