Sat. Jan 23rd, 2021
പടിഞ്ഞാറത്തറ: മാവോവാദി യുവാവ് വേല്‍മുരുകന്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കാപ്പിക്കളം മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനത്തില്‍ രണ്ടാം ദിവസവും പരിശോധന തുടര്‍ന്നു. തോക്കുധാരികളായ തണ്ടര്‍ബോള്‍ട്ട് സംഘവും ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസുമാണ് പരിശോധന നടത്തിയത്.

തമിഴ്നാട് തേനി സ്വദേശി വേല്‍മുരുകനൊപ്പം ഉണ്ടായിരുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവദിവസം സ്ഥലത്തേക്ക് പ്രവേശിപ്പിക്കാത്ത പൊലീസ് ബുധനാഴ്ച ഏഴ് ക്യാമറാമാന്‍ മാര്‍ക്ക് പ്രവേശനം നല്‍കി. വൈത്തിരി വെടിവെപ്പിനു സമാനമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ആദ്യ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയത് സംശയം സൃഷ്ടിക്കുന്നു.ചൊവ്വാഴ്ച രാവിലെ 9.15നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. നക്സല്‍ വിരുദ്ധ സേന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ പ്രകോപനമില്ലാതെ മാവോവാദികള്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തെന്നാണ് പൊലീസ് പറയുന്നത്. വെടിവെപ്പ് അരമണിക്കൂറോളം നീണ്ടു. എന്നാല്‍, തൊട്ടടുത്ത കോളനികളിലുള്ളവര്‍ പോലും സംഭവം അറിയുന്നത് മാധ്യമ പ്രവര്‍ത്തകരില്‍നിന്നും പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴുമാണ്.
വെടിവെപ്പ് നടക്കുന്നതി െന്‍റ തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും നാട്ടിലിറങ്ങിയ ആനയെ തുരത്തുന്നതിന് ഈ കാടുകളില്‍ സഞ്ചരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ഒറ്റയാനെ തുരത്തി കയറ്റിവിട്ട വനപ്രദേശത്താണ് ചൊവ്വാഴ്ച രാവിലെ വെടിവെപ്പ്. ആനയെ തുരത്താന്‍ കാടുകയറിയ സമയത്തൊന്നും മാവോവാദി സാന്നിധ്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് പ്രദേശവാസികളും വനംവകുപ്പ് ജീവനക്കാരില്‍ ചിലരും പറഞ്ഞു.