kerala

കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് കേരളവും; പങ്കാളിയാകുന്നത് കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലില്‍



തിരുവനന്തപുരം: വാക്‌സിന്‍ പരീക്ഷണത്തിലും കേരളം പങ്കാളികളാകും. സിറം വാക്‌സിന്‍ പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യമൊരുക്കും. സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് ഒരുങ്ങുന്നത്. കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായം കേരളം ഒരുക്കും. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. റെഡ്ഡീസ് ലബോറട്ടറിയുമായും കേരളം ബന്ധപ്പെട്ടിരുന്നു. പക്ഷേ റെഡ്ഡീസ് ലബോറട്ടറി ഇന്ത്യയില്‍ ക്ലനിക്കല്‍ ട്രയല്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു.

കോവിഡ് വാക്‌സിന്‍ ലഭിച്ചാല്‍ വിതരണം ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ടാ‌സ്‌ക് ഫോഴ്സ് രൂപീകരിച്ചു. വാ‌ക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ കേന്ദ്ര നി‌ര്‍ദേശ പ്രകാരമാണ് സമിതി രൂപീകരിച്ചത്. വാക്സിന്‍ വിതരണം, ഗതാഗതം, ശീതീകരണ സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും.

ഭാരത് ബയോടെക്കിന്റെയും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കോവിഡ് വാ‌ക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചാണ് പ്രത്യേകസമിതി രൂപീകരിച്ചത്. ചീഫ് സെക്രട്ടറിയാണ് അധ്യക്ഷന്‍. ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന റിലീഫ് കമ്മിഷണര്‍, സംസ്ഥാന പൊലീസ് മേധാവി, എന്‍.എച്ച്‌.എം ഡയറക്ടര്‍ എന്നിവര്‍ അടങ്ങുന്നതാണ് സംസ്ഥാനതല ടാസ്‌ക് ഫോഴ്സ്. ജില്ലാതലങ്ങളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലും ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിക്കും.

വാക്‌സിന്‍ സൂക്ഷിക്കാനുള്ള ശീതീകൃത സംവിധാനം ഒരുക്കുന്നത് മുതല്‍ ഗതാഗതം, വിതരണത്തിനായി ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കല്‍ തുടങ്ങിയവയ്ക്ക് ടാസ്ക് ഫോഴ്സ് മാര്‍ഗരേഖ തയ്യാറാക്കണം. താഴേ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, പൊതുജനസമ്ബര്‍ക്കം കൂടുതലുള്ള വിഭാഗങ്ങള്‍ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ പരിഗണിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.

ബ്രേക്ക് ദി ചെയിന്‍, ജീവന്റെ വിലയുള്ള ജാഗ്രത തുടങ്ങിയവയ്ക്ക് ശേഷം പുതിയ കാമ്ബയിന്‍ തുടങ്ങാനും തീരുമാനിച്ചു. ‘മാസ്‌ക് ധരിക്കു കുടുംബത്തെ രക്ഷിക്കു’ എന്ന കാമ്ബയിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ആധുനിക സംവിധാനങ്ങളിലൂടെയും കൂടുതല്‍ പ്രചാരണം നടത്തും. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.