National

റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ



മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി അറസ്റ്റിൽ. 2018ല്‍ രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യാകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായിക് ഇയാളുടെ അമ്മ കുമുദ് നായിക് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അര്‍ണബിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 2019 ൽ റായ്ഗഡ് പൊലീസ് ഈ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്‍വയ് നായികിന്റെ ഭാര്യ നല്‍കിയ പുതിയ പരാതിയിലാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ച് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
അർണബിന്‍റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന്‍റെ നേതൃത്വത്തിൽ അർണബ് അടക്കമുള്ളവർക്കെതിരായ കേസ് വീണ്ടും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരും നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പൊലീസ് അര്‍ണബിന് കൈമാറിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.
ഇന്‍റീരിയർ ഡിസൈനറായ അന്‍വയ് നായ്ക് (53) 2018ലാണ് ആത്മഹത്യ ചെയ്തത്. അര്‍ണബ് ഗോസ്വാമിയടക്കം മൂന്ന് ആളുകളുടെ പേരാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നത്. ഇവർ തനിക്ക് 5.4 കോടി രൂപ നൽകാനുണ്ടെന്നും എന്നാൽ പണം നൽകാൻ തയ്യാറാകുന്നില്ലെന്നുമായിരുന്നു കുറിപ്പ്. ഇതാണ് ഇത്തരമൊരു കടുംകയ്യെടുക്കാൻ കാരണമെന്നും നായിക് പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവി സ്റ്റുഡിയോയുടെ നിർമ്മാണ സമയത്തു നടന്ന സാമ്പത്തിക ഇടപാടാണിതെന്നാണ് സൂചന.
മകന്‍റെ മരണവിവരം അറിഞ്ഞ് ഇയാളുടെ അമ്മ കുമുദ് നായികും ജീവനൊടുക്കി. ഈ ആത്മഹത്യകളുടെ പശ്ചാത്തലത്തിലായിരുന്നു അർണബിനെതിരെ കേസ്