
ലക്നൗ: മനുസ്മൃതിയെക്കുറിച്ച്, അംബേദ്കര്‍ കത്തിച്ച പുസ്തകമേതെന്ന ചോദ്യമുന്നയിച്ച നടന് അമിതാഭ് ബച്ചനെതിരെ കേസ്. ജനപ്രിയ ടെലിവിഷന്‍ ഷോ ആയ കോന്‍ ബനേഗാ ക്രോര്‍പതിയിലെ ചോദ്യത്തിന്റെ പേരിലാണ് ബച്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത ഷോയിലാണ് അംബേദ്കര്‍ മനുസ്മൃതി കത്തിച്ച കാര്യം ഉന്നയിച്ചത്. ഇതിന്റെ ക്ലിപ്പിങുകള് വന്‍തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചിലര്‍ ബച്ചന് എതിരെ ക്യാംപയിന് തുടങ്ങുകയും ചെയ്തിരുന്നു.
ഷോയില്‍ 6,40,000 രൂപയുടെ ചോദ്യം ഇങ്ങനെയായിരുന്നു: 1927 ഡിസംബര്‍ 25ന് ഡോ. അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത്? വിഷ്ണുപുരാണം, ഭഗവദ് ഗീത, ഋഗ്വേദം, മനുസ്മൃതി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഉത്തരം മനുസ്മൃതി.
അംബേദ്കര്‍ മനുസ്മൃതി കത്തിച്ച സംഭവം ഷോയില്‍ ബച്ചന് വിശദീകരിക്കുകയും ചെയ്തു. ഇതിനെതിരെ ബച്ചന് ഇടത് പ്രചാരണം നടത്തുന്നു, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ആക്ഷേപങ്ങള്‍.