തിരുവനന്തപുരം: സ്പ്രിൻക്ലർ കരാർ വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന് മുറപടിയുമായി പ്രസിഡൻറ് കെ. സുേരന്ദ്രൻ രംഗത്ത്. രമേശിെൻറ വിമർശനം കാര്യങ്ങൾ മനസ്സിലാക്കാതെയാണ്. പ്രാഥമിക ഘട്ടത്തിൽ തന്നെ സി.ബി.ഐ അന്വേഷണം തള്ളിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു
ഹൈകോടതിയിൽ താൻ ആവശ്യപ്പെട്ടിരിക്കുന്നത് കരാർ റദ്ദാക്കണമെന്നാണ്. വിവരങ്ങൾ ചോരാതിരിക്കാൻ സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഴിമതിയുണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കുകയും വേണം. പ്രതിപക്ഷ നേതാവ് പോലും ഹൈകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണനും രംഗത്തെത്തി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ല. അത് കള്ളെൻറ അടുത്ത് താക്കോൽ നൽകുന്നത് പോലെയാണ്. പിണറായിയുടെ കീഴിലാണ് വിജിലൻസുള്ളത്. എ.കെ.ജി സെൻറർ പിണറായി വിജയെൻറ മകളുടെ കമ്പനിയുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും അഭികാമ്യമല്ലെന്നാണ് സംസ്ഥാന ജനറൽ െസക്രട്ടറി എം.ടി. രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതോടെ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃനിരയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്..
സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഒടുവിൽ സി.പി.എമ്മുമായി ഒത്തുതീർപ്പിന് വഴങ്ങിയാലും കേസുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന് മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങൾ ഉറച്ച നിലപാടെടുത്ത് മുന്നോട്ട് പോകുന്നതിനിടെ, കെ. സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെതിരെ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്.
ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. കോവിഡ് പ്രതിരോധ നടപടികളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാറിനെയും പ്രകീർത്തിച്ച കെ. സുരേന്ദ്രൻ, യു.ഡി.എഫിനെ നിശതമായി വിമർശിച്ച് രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ ചർച്ചവിഷയമായിരുന്നു.