home

അഞ്ചരക്കണ്ടിയില്‍ ആരും പുഴയില്‍ ചാടിയില്ല; തെരച്ചില്‍ അവസാനിപ്പിച്ചു …



അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ചാമ്പാട് പാലത്തില്‍ നിന്നും ‘യുവാവ്’ പുഴയില്‍ ചാടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ വിഫലമായി. സമീപവാസികളായ കുട്ടികള്‍ മരത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതാണെന്ന അനുമാനത്തില്‍ ഒടുവില്‍ തെരച്ചില്‍ സംഘം മടങ്ങി.  ഇന്നു രാവിലെ 8.25 ഓടെയാണ് അഞ്ചരക്കണ്ടി പാലത്തിലൂടെ പോയ ബസില്‍ നിന്നും ഒരു യാത്രക്കാരി ആരോ പുഴയിലേക്ക് ചാടുന്നതായി കണ്ടത്. ഉടന്‍ ബസിലുള്ളവര്‍ പഞ്ചായത്ത് മെമ്പറെയും തുടര്‍ന്ന് കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷനിലേക്കും വിവരം എത്തിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി അഗ്നിരക്ഷാ സേന പാലത്തിനടിയിലും സമീപത്തെ 500 മീറ്റര്‍ ചുറ്റളവിലും തെരച്ചില്‍ നടത്തി. മൂന്നുമണിക്കൂര്‍ നീണ്ട തെരച്ചിലില്‍ മുങ്ങല്‍ വിദഗ്ധരായ സ്‌കൂബ ടീമും കൂത്തുപറമ്പ് പോലിസും നാട്ടുകാരും പങ്കെടുത്തു. പുഴയില്‍ ചാടിയെന്നു കരുതിയ സ്ഥലത്തുണ്ടായിരുന്നവര്‍ നേരത്തെ സമീപത്തെ കുട്ടികള്‍ മരക്കൊമ്പില്‍ നിന്നും പുഴയിലേക്ക് ചാടിക്കളിക്കുന്നതായി കണ്ടിരുന്നു. ഇതു കണ്ട് ബസ് യാത്രക്കാരി തെറ്റിദ്ധരിച്ചതാവമെന്നാണ് അഗ്നിശമന സേന അംഗങ്ങള്‍ പറയുന്നത്.  സ്റ്റേഷന്‍ ഓഫീസര്‍ പി. ഷനിത്, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഡി.അജികുമാര്‍, സീനിയര്‍ ഫയര്‍മാന്‍ കെ. ദിപുകുമാര്‍, ഫയര്‍മാന്‍മാരായ രാറിഷ്, പി.ജെ മാര്‍ട്ടിന്‍, ബാബു ആയോടന്‍, കെ. ഷിജു, രജീഷ് തോട്ടത്തി, ആല്‍ബര്‍ട്ട് പ്രശാന്ത്, മുഹമ്മദ് സാജിര്‍, വൈ. നിഷാദ്, ഹോംഗാര്‍ഡ്മാരായ പി. അജയ്കുമാര്‍, പി. പ്രകാശന്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി….