ഇന്ത്യൻ മൊബൈൽ സേവനദാതാവായ ജിയോയിൽ 10 ശതമാനം ഓഹരി സ്വന്തമാക്കി‌ ഫെയ്‌സ്‌ബുക്ക്‌. – Sreekandapuram Online News-
Sat. Sep 19th, 2020




ന്യൂഡൽഹി
ഇന്ത്യൻ മൊബൈൽ സേവനദാതാവായ ജിയോയിൽ 10 ശതമാനം ഓഹരി സ്വന്തമാക്കി‌  ഫെയ്‌സ്‌ബുക്ക്‌. റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ്‌ ലിമിറ്റഡിൽ 570 കോടി ഡോളർ  (43,574 കോടി രൂപ) നിക്ഷേപം നടത്തിയതായി ഫെയ്‌സ്‌ബുക്ക്‌ അറിയിച്ചു. നിക്ഷേപം 9.99 ശതമാനം ഓഹരിയായി മാറുമെന്ന്‌ റിലയൻസും‌ വ്യക്തമാക്കി. റിലയൻസ്‌ ഇൻഡസ്‌ട്രീസിന്റെ പൂർണനിയന്ത്രണത്തിലുള്ള ഡിജിറ്റൽ കമ്പനിയാണ്‌ ജിയോ പ്ലാറ്റ്‌ഫോംസ്‌ ലിമിറ്റഡ്‌.

രാജ്യത്തെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപമാണ്‌ (എഫ്‌ഡിഐ) ഇത്‌‌.‌ ലോകത്ത്‌ ഒരു ടെക്‌നോളജി കമ്പനി ന്യൂനപക്ഷ ഓഹരിക്കായി ഇത്രയുംവലിയ തുക മുടക്കുന്നത്‌ ആദ്യമാണെന്ന്‌ റിലയൻസ്‌ ‌അവകാശപ്പെട്ടു. ജിയോ പ്ലാറ്റ്‌ഫോംസ്‌ ലിമിറ്റഡിന്‌ 4.6 ലക്ഷം കോടിയുടെ  റെക്കോഡ്‌ മൂല്യം മതിച്ചാണ്‌ ഫെയ്‌സ്‌ബുക്ക്‌ നിക്ഷേപം‌‌. വാർത്ത വന്നതോടെ റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ ഓഹരിവിപണിയിൽ‌ 10 ശതമാനം നേട്ടമുണ്ടാക്കി.

‘ജിയോ മാർട്ട്‌’ വാട്‌സാപ്പിലൂടെ പ്രോത്സാഹിപ്പിക്കും
റിലയൻസ്‌ റീട്ടെയിൽസിന്റെ പുതിയ സംരംഭമായ ‘ജിയോ മാർട്ട്‌’ വാട്‌സാപ്പിലൂടെ പ്രോത്സാഹിപ്പിക്കുന്ന കരാറിലും ഒപ്പുവച്ചു‌.  രാജ്യത്തെ ചില്ലറ വിൽപ്പനക്കാർക്ക്‌‌ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഇ–-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമാണ്‌ ‘ജിയോ മാർട്ട്‌’. മൂന്നുകോടിയിലധികം വ്യാപാരികൾ ഇതിന്റെ ഭാഗമാകും. വമ്പിച്ച കടഭാരം ലഘൂകരിക്കാൻ  ഫെയ്‌സ്‌ബുക്കുമായുള്ള ചങ്ങാത്തം സഹായകമാകുമെന്നാണ്‌ റിലയൻസ്‌ ഇൻഡസ്‌ട്രീസിന്റെ കണക്കുകൂട്ടൽ.

8 കോടി ഉപയോക്താക്കളുള്ള ജിയോയിൽ ഫെയ്‌സ്‌ബുക്ക്‌ ഓഹരി സ്വന്തമാക്കുമ്പോൾ ഡാറ്റാ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു കമ്പനികളും എന്ത്‌ നിലപാട്‌‌ സ്വീകരിക്കുമെന്ന കാര്യം സവിശേഷശ്രദ്ധ അർഹിക്കുന്നതായി വിദഗ്‌ധർ പറഞ്ഞു. ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധിയിലായ രാജ്യത്തെ മറ്റ്‌ ടെലികോം കമ്പനികൾക്ക് ഫെയ്‌‌സ്‌ബുക്കും ജിയോയുമായുള്ള ചങ്ങാത്ത കരാർ ‌ തിരിച്ചടിയായേക്കും.

 




By onemaly