സോളാര്‍ വിഷയം പരാമര്‍ശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. മുല്ലപ്പള്ളിയെ പോലെയുള്ള മനുഷ്യര്‍ ഈ നൂറ്റാണ്ടിന് തന്നെ അപമാണെന്നും അല്‍പ്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ അദ്ദേഹം മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം………………………………….
ലൈംഗീക പീഡനത്തിന് ഇരയായ ഒരു 16 വയസ്സുകാരി തീകൊളുത്തി മരിച്ചതിന്റെ പിറ്റേന്ന് ബലാത്സംഗത്തിന് വിധേയ ആകുന്ന സ്ത്രീയുടെ ആത്മാഭിമാനം നഷ്ടപ്പെടുന്നു എന്നും അങ്ങനെയുള്ള സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്നും പറയുന്ന ഒരു പാര്‍ട്ടി അധ്യക്ഷന്‍ ഉണ്ടാകുന്നതിലും വലിയ അപചയമൊന്നും കോണ്‍ഗ്രസിന് വരാനില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യര്‍ ഈ നൂറ്റാണ്ടിന് തന്നെ അപമാനമാണ്. ഒരു പൊതുപ്രവര്‍ത്തകനായി തുടരാന്‍ പോലുമുള്ള ധാര്‍മ്മികത അദ്ദേഹത്തിനില്ല. അല്‍പ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇത്തരം നിന്ദ്യമായ വിചാരമണ്ഡലങ്ങള്ക്ക് ഇടപെടാന്‍ കഴിയുന്ന ഒന്നായി നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ മാറ്റിക്കൂടാ…