Fri. Jan 22nd, 2021
ഇടുക്കി: തൊടുപുഴ ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ അഞ്ചു വയസുകാരന് പിതാവിന്റെ സഹോദരന്റെ ക്രൂര മര്‍ദ്ദനം. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകുന്നേരമാണ് തൊടുപുഴ ഉണ്ടപ്ലാവില്‍ അസം സ്വദേശിയായ അഞ്ചു വയസുകാരനെ പിതാവിന്റെ സഹോദരന്‍ തറയിലേക്ക് തള്ളിയിട്ടത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേല്‍ക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

രാത്രി കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് തൊടുപുഴ പൊലീസ് പ്രതിയായ ഇംദാദുള്‍ ഹക്കിനെ കസ്റ്റഡിയിലെടുത്തു.പ്രതി പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് നിര്‍ത്തണമെന്ന് ആശാപ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്നലെ നാലുമണിക്ക് മര്‍ദ്ദനമേറ്റ കുട്ടിയെ രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതി കുട്ടിയുടെ വായും മൂക്കും പൊത്തിപിടിച്ചു മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, കുട്ടി അപകടനില തരണം ചെയ്‌തതായി തൊടുപുഴയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.

മരപ്പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളി കുടുംബം കഴിഞ്ഞ ഒരു വര്‍ഷമായി തൊടുപുഴ ഉണ്ടപ്ലാവിലാണ് താമസം. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.