August 7, 2022




തളിപ്പറമ്ബ്: കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുപറമ്ബില്‍ നിന്ന് ചന്ദനം മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇവര്‍ വന്ന വാഹനവും പിടികൂടി. ഓടി രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മട്ടന്നൂര്‍ ശിവപുരം കരൂഞ്ഞിയിലെ കണ്ടത്തില്‍ വീട്ടില്‍ വി. വിജേഷ് എന്ന വിച്ചു (37), കൂത്തുപറമ്ബ് മൂര്യാട് പോസ്റ്റ് ഓഫീസിന് സമീപത്തെ തട്ടാന്റെ പറമ്ബില്‍ ഹൗസില്‍ സി. അനൂപ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ 800 കാര്‍ കസ്റ്റഡിയിലെടുത്തു.

പറശിനിക്കടവ് മമ്ബാല സ്വദേശിയും കോണ്‍ഗ്രസ് തളിപ്പറമ്ബ് ബ്ലോക്ക് മുന്‍ പ്രസിഡന്റുമായ പി.എം. പ്രേംകുമാറിന്റെ തറവാട്ട് വളപ്പില്‍ നിന്നാണ് കൂറ്റന്‍ ചന്ദനമരം മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീടിന് സമീപത്തെ റോഡില്‍ കാറിന്റെ ശബ്ദംകേട്ട് ഉണര്‍ന്ന പ്രേംകുമാര്‍ തൊട്ടടുത്തു താമസിക്കുന്ന സഹോദരനെ അറിയിച്ചു. ഇരുവരും ഗേറ്റിനടുത്ത് എത്തിയപ്പോള്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി.

കാറിന്റെ നമ്ബര്‍ പ്രേംകുമാര്‍ തിരിച്ചറിഞ്ഞിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാര്‍ വീണ്ടും വീടിന് സമീപമെത്തി. പ്രേംകുമാറിന്റെ വീട്ടിലേക്ക് പശുവിനെ കറക്കാന്‍ എത്തിയ കറവക്കാരന്‍ കാര്‍ കണ്ട് സംശയം തോന്നി വിവരം അറിയിച്ചു. ഗേറ്റിന് സമീപമെത്തിയപ്പോള്‍ വീണ്ടും കാര്‍ കടന്നുകളഞ്ഞു.

ഉടന്‍ പൊലീസില്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്ബില്‍ നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരം പുലര്‍ന്നപ്പോഴാണ് ചന്ദനം മുറിച്ചിട്ടത് കണ്ടത്. കാറില്‍ കയറ്റാന്‍ പാകത്തില്‍ ഇത് കഷണങ്ങളാക്കിയിരുന്നു. അഞ്ചംഗ സംഘമാണ് ചന്ദനം മോഷ്ടിക്കാനെത്തിയത്. ചന്ദനമുട്ടികളും പൊലീസ് കസ്റ്റഡിയിലെടുത്തു. രമീഷും സുമേഷും മറ്റൊരാളുമാണ് ഓടിരക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.