kerala

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം; പോലീസ് 540 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു



പത്തനംതിട്ട: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

സെപ്തംബര്‍ ഒന്‍പതിനാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം.

സംഭവം കഴിഞ്ഞ് പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതി നൗഫല്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി രാത്രി തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.