കൊച്ചി: അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്ത പാരമ്ബര്യവൈദ്യന്മാര്ക്കും പ്രകൃതിചികിത്സകര്ക്കും ചികിത്സകരെന്ന നിലയില്‍ രജിസ്ട്രേഷന് അനുവദിച്ച് 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി. 1970ലെ ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ നിയമത്തിന് എതിരാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവ്.
1953ലെ ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമം 38ാം വകുപ്പിലെ ഒന്നാം വ്യവസ്ഥപ്രകാരം അംഗീകൃത ബിരുദമില്ലെങ്കിലും ആയുര്‍വേദം, സിദ്ധ, യോഗ, യുനാനി, പ്രകൃതിചികിത്സ തുടങ്ങിയവ ചെയ്യുന്നവര്‍ക്കും പാരമ്ബര്യ ചികിത്സകര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി രജിസ്ട്രേഷന് നല്‍കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് എന്ന സംഘടനയടക്കം നല്കിയ ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് വിധി. ഉത്തരവിെന്റ അടിസ്ഥാനത്തില്‍ രജിസ്േട്രഷന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ തള്ളുകയും ചെയ്തു.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ചികിത്സക്ക് യോഗ്യതയും നിലവാരവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര നിയമം വന്നത്. മെഡിക്കല്‍ പ്രവേശനത്തിന് കുറഞ്ഞ യോഗ്യത, പഠന കാലാവധി, പാഠ്യക്രമം തുടങ്ങിയവയുടെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത നിലവാരമാണ് ലക്ഷ്യമിട്ടത്. അതിനാലാണ് ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചിത യോഗ്യത നിര്‍ബന്ധമാക്കി വ്യവസ്ഥകള്‍ കൊണ്ടുവന്നത്. യോഗ്യതയില്ലാത്തവരെ മാറ്റിനിര്‍ത്താന്‍ കൂടിയുള്ള മാര്‍ഗമാണ് രജിസ്ട്രേഷന്. ഈ ലക്ഷ്യം തകിടം മറിക്കുന്നതാണ് ഉത്തരവ്. അംഗീകൃത യോഗ്യതയില്ലാത്ത ചികിത്സകര്‍ക്കും രജിസ്ട്രേഷന് അനുമതി ഭരണഘടനവിരുദ്ധവുമാണ്. 35 വയസ്സും എസ്.എസ്.എല്‍.സിയോ തത്തുല്യമോ ആയ വിദ്യാഭ്യാസ യോഗ്യതയുമുള്ളയാള്ക്ക് പത്തുവര്‍ഷം ചികിത്സ മേഖലയില്‍ പരിചയമുണ്ടെങ്കില്‍ രജിസ്ട്രേഷന് അനുവദിക്കാമെന്നായിരുന്നു ഉത്തരവ്.