Local

6 ലക്ഷം രൂപയുടെ ഓൺലൈൻ ഷോപ്പിംഗ് നടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റിൽ



ആലുവ: ഓൺലൈൻ ഷോപ്പിങ്ങിൽ കാഷ് ഓൺ ഡെലിവറിയായി 6 ലക്ഷം രൂപയുടെ സ്വർണം വരുത്തി കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സലഫി മസ്ജിദിനു സമീപം പിസി ലൈനിൽ സന്ദീപ് (31) ആണ് പിടിയിലായത്.

വ്യാജ വിലാസമാണ് ഇയാൾ നൽകിയിരുന്നത്. രണ്ടു തവണയായി 6 ലക്ഷം രൂപയുടെ സ്വർണം വരുത്തി. ഇയാൾ നൽകിയ വ്യാജ വിലാസത്തിൽ സ്വർണം എത്തിയപ്പോൾ കവർ പൊട്ടിച്ച് അതെടുത്ത ശേഷം വിലാസക്കാരൻ സ്ഥലത്തില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വർണാഭരണ നിർമാണ സ്ഥാപനമാണു തട്ടിപ്പിന് ഇരയായത്.

തായിക്കാട്ടുകരയിലെ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനാണ്‌ ഇയാൾ. മടങ്ങിയെത്തിയ കവർ സ്കാൻ ചെയ്തപ്പോൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ ആഭരണ നിർമാതാക്കൾ റൂറൽ എസ്പി കെ.കാർത്തിക്കിനു പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.