June 29, 2022തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഇന്ന്‌ 11 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂർ 7, കോഴിക്കോട്‌ 2, കോട്ടയം 1, മലപ്പുറം 1 എന്നിങ്ങനെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

437 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു, ഇതിൽ 127 പേർ നിലവിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 95 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി.

പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി. വിദേശത്ത് നിന്ന് വന്നവർ അഞ്ച് പേരും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഹൗസ് സർജന്മാർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാൾ കണ്ണൂർ ജില്ലയിലാണ്. ഇരുവരും കേരളത്തിന് പുറത്ത് നിന്ന് ട്രെയിനിൽ വന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ നിയന്ത്രണം കർശനമാക്കി. പൊലീസ് പരിശോന ശക്തമാക്കി. ഇത് ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി മുഖ്യമന്ത്രി.

ആളുകൾ പരമാവധി വീടുകളിൽത്തന്നെ തുടരണം. അവശ്യസാധനങ്ങൾ ഹോം ഡെലിവറി ആയി നൽകാനുള്ള സംവിധാനം ഉണ്ടാക്കും. കോവിഡ് 19 ദേശീയ തലത്തിലും സംസ്ഥാനത്തും സാമ്പത്തിക രംഗത്ത് കനത്ത ആഘാതം ഏൽപ്പിച്ചതായി മുഖ്യമന്ത്രി. ദേശീയ സമ്പദ് വ്യവസ്ഥ വളർച്ചാ മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കോവിഡ് തുടങ്ങിയത്. എട്ട്, ഒൻപത് ശതമാനം വളർച്ചയുണ്ടായിരുന്നത് അഞ്ച് ശതമാനത്തിൽ താഴെ നിൽക്കുമ്പോഴാണ് മഹാമാരി വന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യ ഇടപെടലും ശക്തമാക്കി സാമ്പത്തിക വളർച്ച 7.5 ശതമാനത്തിൽ നിലനിർത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നാം രണ്ട് പ്രകൃതി ദുരന്തങ്ങൾ നേരിട്ടു. എന്നിട്ടും ഈ രീതിയിൽ വളർച്ച നേടിയെന്നത് മറന്നുകൂട. സംസ്ഥാനത്തിന്‍റെ പൊതു ധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടു. സാമൂഹ്യ ക്ഷേമ ചിലവുകളിൽ നിന്ന് സർക്കാർ എന്നിട്ടും പുറകോട്ട് പോയില്ല.

ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം ഏതാണ്ട് നിലച്ചു. ചിലവിന്‍റെ കാര്യത്തിൽ വലിയ വർധനവുണ്ടാവുന്നു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മേഖലയിൽ സർക്കാരിന് ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ചിലവുകൾ ഒഴിവാക്കാനാവില്ല.

ഏതെല്ലാം പ്രശ്നങ്ങൾ വന്നാലും നമുക്ക് മുന്നോട്ട് പോകാതിരിക്കാൻ ആവില്ല. ഈ സാഹചര്യത്തിൽ നാടിന്‍റെ നാനാഭാഗത്ത് നിന്നും എല്ലാ ജനവിഭാഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് ആശ്വാസകരമാണ്. കൈനീട്ടമായി കിട്ടിയ നാണയത്തുട്ട് മുതൽ മാസ വരുമാനം വരെ സംഭാവന നൽകുന്നു. ക്ഷേമ പെൻഷനിൽ ഒരു പങ്ക് തരുന്നവരുണ്ട്. ഭക്ഷണ ചിലവിൽ നിന്ന് ഒരു വിഹിതം മാറ്റിവച്ച് സംഭാവന നൽകുന്നവരുണ്ട്. പ്രവാസി മലയാളികൾ പ്രതിസന്ധി ഘട്ടത്തിലും സഹായം നൽകുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാരും അവരുടെ സംഘടനകളും വലിയ തോതിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തയ്യാറാകുന്നുണ്ട്. വെല്ലുവിളി വലുതായതിനാൽ ഉദാരമായ സഹായം പ്രതീക്ഷിക്കുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം താത്കാലികമായി മാറ്റിവയ്ക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇങ്ങിനെ മാറ്റിവയ്ക്കുന്നത് മൊത്തം ഒരു മാസത്തെ ശമ്പളമായിരിക്കും. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് ഇത്തരത്തിൽ മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതരാകുന്നത്. മന്ത്രിമാരുടെയും ജന പ്രതിനിധികളുടെയും 30% ശമ്പളം ഒരു വർഷം പിടിക്കും.  ആശ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ആശാ വർക്കർമാർക്ക് 2020 മാർച്ച് വരെ ഓണറേറിയവും ഇൻസൻ്റീവും നൽകും. മാർച്ച് മുതൽ കോവിഡ് കാലയളവിൽ അധിക ഇൻസൻ്റീവായി ആയിരം രൂപയും നൽകും. സംസ്ഥാനത്തെ 26475 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ സഞ്ചരിക്കുന്നു. ഇത് പൂർണ്ണമായും തടയാൻ കർശന നടപടി സ്വീകരിക്കും. ചരക്ക് വാഹനങ്ങളടക്കം എല്ലാം വിശദമായി പരിശോധിക്കുന്നു. കണ്ടെയ്നർ ലോറികളും അടച്ചുപൂട്ടിയ വാഹനങ്ങളും തുറന്ന് പരിശോധിക്കുന്നു. ഊടുവഴികളിലൂടെ ജനങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതത് പൊലീസ് സ്റ്റേഷന് കീഴിയിൽ ബൈക് പട്രോളിങ് ഏർപ്പെടുത്തി. എസ്എച്ച്ഒ മാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും മൊബൈൽ പട്രോളിങ് പ്രവർത്തിക്കുന്നു.

അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ഇവിടെ പരിശോധനയ്ക്ക് ഡിവൈഎസ്പിമാരെ നിയോഗിക്കും. നിശ്ചിത പ്രവേശന കവാടങ്ങൾ ഇവിടെ അനുവദിക്കും. അനധികൃതമായി കടക്കുന്നവർക്ക് നിയമ നടപടി നേരിടേണ്ടിവരും. പ്രദേശവാസികളല്ലാത്തവരെ അതിർത്തികളിൽ അനുവദിക്കില്ല.

ചില ജില്ലകളിലൊഴികെ വാഹന ഗതാഗതം വലിയ തോതിൽ ഉണ്ടാകുന്നു. ഇത് ഗൗരവത്തോടെ കാണുന്നു. തുറക്കുന്ന കടകളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നുണ്ട്. ഇതും അപകടകരമാണ്. മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ട് പോകണം. ഐഡി കാർഡുള്ള സന്നദ്ധ പ്രവർത്തകർ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ പോയെന്ന് കണ്ടിട്ടുണ്ട്. ഇവർ സന്നദ്ധ പ്രവർത്തനത്തിന് അയോഗ്യരാണെന്ന് സ്വയമേ വെളിപ്പെടുത്തി.

മുംബൈയിൽ ഏപ്രിൽ 17 ന് 27 സ്റ്റാഫ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ യാതൊരു മുൻകരുതലും സ്വീകരിക്കാതെ പാർപ്പിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

പകർച്ചവ്യാധി പ്രതിരോധവും മഴക്കാലപൂർവ ശുചീകരണവും നടത്തും. ഇന്ന് ലോക ഭൗമ ദിനമാണ്. അര നൂറ്റാണ്ട് മുൻപാണ് ഇത് ആചരിച്ച് തുടങ്ങിയത്. ജീവജാലങ്ങളുടെ സാന്നിധ്യമാണ് ഭൂമിയെ വ്യത്യസ്തമാക്കുന്നത്. ഭൂമിയുടെ സംരക്ഷണം എന്നത് മനുഷ്യരാശിയുടെ സംരക്ഷണം കൂടിയാണ്. കൊവിഡ് 19 മഹാമാരി മനുഷ്യരാശിയെ മാരകമായി ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ഭൗമദിനം.

കാർഷിക മേഖലയിൽ വലിയ പരിവർത്തനത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കർഷകർക്ക് വലിയ വരുമാനം നൽകാനുമുള്ള പദ്ധതി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം ചേരും. അടുത്ത തിങ്കളാഴ്‌ച വീണ്ടും യോഗം ചേർന്ന് അന്തിമ രൂപം നൽകും. ഈ പ്രവർത്തനം മഴക്ക് മുൻപ് ആരംഭിക്കാനാണ് ശ്രമം. തരിശ് നിലങ്ങളിൽ പൂർണ്ണമായി കൃഷിയിറക്കാനാണ് മുഖ്യ പരിഗണന. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങൾ കൃത്യമായി കണ്ടെത്തും. ഭൂമിയുടെ ഉടമകൾ ആശങ്കപ്പെടേണ്ട. സമവായത്തിലൂടെ കൃഷിയിറക്കും. കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒന്നായി പ്രവർത്തിക്കണം. ഇതോടൊപ്പം ജലസേചനം, മൃഗസംരക്ഷണം, സഹകരണ വകുപ്പുകൾ പങ്കാളികളാവും.

പരമ്പരാഗത സങ്കേതങ്ങളിൽ കടിച്ചുതൂങ്ങാതെ പരമാവധി സാധ്യതകൾ ഉപയോഗിക്കണം. മട്ടുപ്പാവ് കൃഷിയിലിടക്കം സമൃദ്ധമായ വിളവ് ലഭിക്കും. മത്സ്യകൃഷി കടലിൽ ചെയ്യാവുന്ന സാങ്കേതിക വിദ്യ നമ്മുടെ മുന്നിലുണ്ട്. കന്നുകാലി, കോഴി, ആട്, പന്നി വളർത്തൽ എന്നിവയ്ക്കെല്ലാം മുന്തിയ പ്രാധാന്യം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും.