Sun. Jan 24th, 2021
തിരുവനന്തപുരം: അരുവിക്കരയില്‍ ആറ്റില്‍ചാടി കമിതാക്കളുടെ ആത്മഹത്യാ ശ്രമം. കമിതാക്കളില്‍ 17കാരനായ ആണ്‍കുട്ടി മരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരിയാണു മരിച്ചത്. ഇയാള്‍ക്കൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയായ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി. തക്കസമയത്ത് സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുക ആയിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇന്നലെ പെണ്‍കുട്ടിയെ വീട്ടുകാര്‍ രൂക്ഷമായി വഴക്കു പറയുകയും പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് താക്കീത് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.ഇതിനാലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീട്ടുകാര്‍ വഴക്കുപറഞ്ഞകാര്യം പെണ്‍കുട്ടി ശബരിയെ വിളിച്ചറിയിക്കുകയും പുലര്‍ച്ചെ വീട്ടിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് അമ്മയുടെ ഹോണ്ടാ ആക്ടീവയില്‍ ശബരി കാമുകിയുടെ വീട്ടിലെത്തി തുടര്‍ന്ന് ഇരുവരും അപകടമേറിയ ചാണിച്ചല്‍ കടവിലെത്തി. ശനിയാഴ്ച രാവിലെയാണു സംഭവം. ഇരുവരും പ്രണയത്തിലായിരുന്നെന്നും വീട്ടുകാരുടെ എതിര്‍പ്പു കാരണമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുറച്ച്‌ സ്‌കൂട്ടറിലാണ് ഇരുവരും ആറിന് സമീപത്തേക്കു പോയത്.
പോകുന്ന വഴി ശബരി സുഹൃത്തിനെ വിളിച്ച്‌ മരിക്കാന്‍ തീരുമാനിച്ച കാര്യം പറഞ്ഞു. ഈ സുഹൃത്താണ് പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സഹോദരന്‍ സംഭവ സ്ഥലത്തേക്ക് എത്തുക ആയിരുന്നു. ഇയാള്‍ ഓടിയെത്തിയപ്പോഴേക്കും ഇരുവരും ആറ്റിലേക്കു ചാടി. തുടര്‍ന്ന് സഹോദരനും കൂടെ ചാടി, സഹോദരിയെ രക്ഷപെടുത്തി. ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയെങ്കിലും യുവാവ് മരിച്ചു.