Thu. Jan 28th, 2021




പയ്യാവൂര്‍: കര്‍ഷകരുടെ പേടി സ്വപ്നമാണ് കാട്ടുപന്നി. എന്നാല്‍ കാട്ടുപന്നികളെ തുരത്താന്‍ പന്നികളെ തന്നെ ആയുധമാക്കുകയാണ് പയ്യാവൂരിലെ പരമ്ബരാഗത കര്‍ഷകന്‍ ഫ്രാന്‍സിസ്. തന്റെ കൃഷിത്തോട്ടത്തിലെ കപ്പ കൃഷി കാട്ടുപന്നി നശിപ്പിച്ചപ്പോള്‍ ഇതിന് പ്രതിരോധമായി തന്റെ ഫാമിലെ അമ്ബതോളം പന്നികളുടെ കാഷ്ടം ഉപയോഗിച്ചാണ് ഫ്രാന്‍സിസ് മറുപടി നല്‍കിയത്. ദുര്‍ഗന്ധം അടിച്ചതോടെ പന്നികള്‍ തോട്ടത്തിന്റെ ഏഴയലത്ത് വരാതെയായി.

ഈ പ്രതിരോധം നൂറ് ശതമാനം വിജയമാണെന്ന് ഈ കര്‍ഷകന്‍ പറയുമ്ബോള്‍ പ്രതീക്ഷ നല്‍കുന്നത് ജില്ലയിലെ മൊത്തം കര്‍ഷകര്‍ക്കാണ്. പയ്യാവൂരിലെ പരമ്ബരാഗത കര്‍ഷകനായ ഫ്രാന്‍സിസ് തന്റെ 5 ഏക്കര്‍ കൃഷിയിടത്തില്‍ വിളയിക്കാത്തയി ഒന്നുമില്ല. ഇരുപത്തിയഞ്ചിനം കപ്പ തൊട്ട് പതിനെട്ടിനം മഞ്ഞള്‍ വരെ ഈ കൃഷിയിടത്തിലെ സവിശേഷതയാണ്. തന്റെ കൃഷിയിടത്തിലെ കാട്ടുപന്നി ആക്രമണത്തിന് എങ്ങനെ പ്രതിരോധം തീര്‍ക്കാമെന്ന ആലോചനയിലാണ് പന്നി കാഷ്ട പ്രയോഗം വിജയം കണ്ടെത്തിയിരിക്കുന്നത്.

ജൈവ കര്‍ഷകനായ ഫ്രാന്‍സിസ് മുന്‍ വര്‍ഷങ്ങളില്‍ ചാണകവും മറ്റു ജൈവ വളങ്ങളും ഉപയോഗിച്ചാണ് കൃഷി ചെയ്തത്. വിളകള്‍ പന്നി നശിപ്പിച്ചപ്പോള്‍ പന്നി കാഷ്ടം മാത്രം ഉപയോഗിച്ച്‌ കൃഷി ചെയ്തു. ഇപ്പോള്‍ കാട്ടുപന്നി ശല്യം ഇല്ലാതാവുകയും വിളവ് കൂടിയതായുമാണ് ഈ കര്‍ഷകന്റെ കണ്ടെത്തല്‍. തന്റെ ഫാമിലെ പന്നികളുടെ വിസര്‍ജ്ജവസ്തുക്കള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക് കടത്തിവിട്ട് ബാക്കി വരുന്ന മാലിന്യമാണ് ഫ്രാന്‍സിസ് വളമായി ഉപയോഗിച്ചത്. ഇങ്ങനെ ഉപയോഗിച്ചപ്പോള്‍ വിളവ് കൂടി എന്നു മാത്രമല്ല കീടങ്ങളെ നിയന്ത്രിക്കാനും സാധിക്കുന്നുണ്ട്. കാട്ടുപന്നി ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് ഫ്രാന്‍സിസ് കളപ്പുരയ്ക്കലിന്റെ കണ്ടെത്തല്‍ ഉണര്‍വ് പകരും. പന്നി ഫാം കര്‍ഷകര്‍ക്ക് പന്നി കാഷ്ടത്തിന്റെ സംസ്‌കരണത്തിന്റെ പ്രയോഗിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും വരുമാന മാര്‍ഗ്ഗത്തിനും അവസരമൊരുക്കുന്നു.

ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ കാട്ടുപന്നിയെ കൊല്ലാന്‍ ലൈസന്‍സുള്ള ആളെ കണ്ടെത്താനുള്ള വനം വകുപ്പിന്റെ ഓട്ടത്തിനും കാര്‍ഷിക മേഖലയ്ക്കും ആശ്വാസമെങ്കില്‍, വ്യാവസായിക പന്നി കാഷ്ടത്തിലൂടെ ജൈവ വളം നിര്‍മ്മിക്കാമെന്ന പ്രതീക്ഷയിലാണ് ഈ കര്‍ഷകന്‍.






By onemaly