ചപ്പാരപ്പടവ്: കൂവേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു. തളിപ്പറമ്പ് അഗ്നിശമന സേനയ്ക്കു പുറമേ പയ്യന്നൂരില്‍ നിന്നും സംഘമെത്തിയാണ് തിരിച്ചില്‍ തുടരുന്നത്. നെല്ലിപ്പാറ കുറിഞ്ഞിക്കുളം സ്വദേശി ഊഴിയാട്ട് ജിമ്മിയുടെ മകന് തളിപ്പറമ്പ് നാഷണല്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥി ജിന്‍സിനെ(സെബാസ്റ്റ്യന്‍-20) യാണ് ഇന്നലെ വൈകുന്നേരം നാലോടെ കാണാതായത്. കൂവേരി പുഴയുടെ പൂണങ്ങോട് കടവില്‍ സഹോദരിക്കും കൂട്ടുകാരിക്കും ഒപ്പമെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയ ജിന്‍സ് അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് ബഹളംവച്ച് സഹോദരി ജിന്‍സിയും കൂടെയുണ്ടായിരുന്ന അയല്‍വീട്ടിലെ യുവതിയും പുഴയിലേക്ക് ചാടിയെങ്കിലും അവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് മറുകരയില്‍ നിന്ന് തോണിയുമായെത്തിയ കാട്ടാമ്പള്ളി സ്വദേശി കുണ്ടത്തില്‍ വീട്ടില്‍ കൃഷ്ണന്റെ സമയോചിത ഇടപെടലാണ് മറ്റ് രണ്ടുപേരുടെയും ജീവന് രക്ഷിച്ചത്. എന്നാല്‍ ജിന്‍സിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തടിക്കടവില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും സന്ധ്യയോളം തിരച്ചില്‍നടത്തി. രാത്രിയോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഇന്നു രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ നടന്നുവരുകയാണ്. ജിന്‍സിന്റെ പിതാവ് ജിമ്മി ടാപ്പിങ് തൊഴിലാളിയാണ്. മാസങ്ങള്ക്കുമുന്പാണ് നെല്ലിപ്പാറയില്നിന്ന് ഇവരുടെ കുടുംബം പൂണങ്ങോട്ട് താമസമാക്കിയത്….