Local

പോപ്പുലര്‍ ഫിനാന്‍സ്: എല്ലാ ശാഖകളും അടച്ചുപൂട്ടാന്‍ ഉത്തരവ്



കണ്ണൂര്‍: പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിലെ ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ബ്രാഞ്ചുകളിലെ സ്വര്‍ണം, പണം, ബാങ്ക് രേഖകള്‍, ചെക്ക്, പണയ വസ്തുക്കള്‍, സര്‍ക്കാര്‍ സെക്യൂരിറ്റീസ് തുടങ്ങിയവയും സ്ഥലങ്ങള്‍, വീട്, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും വസ്തുവകകള്‍ വാങ്ങാനോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകള്‍ നടത്താനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കമ്ബനി ഡയറക്ടര്‍മാര്‍, പങ്കാളികള്‍, മനേജ്‌മെന്റ്, ഏജന്റുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്ബനികള്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതായും ഉത്തരവില്‍ പറയുന്നു. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരമാണ് നടപടി. ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.