നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല, നടന്‍ വിജയ്ക്ക് ക്ലീന്‍ചീറ്റ് – Sreekandapuram Online News-
Thu. Sep 24th, 2020
നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ തുറന്നുകൊടുത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ നെയ്‌വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വിജയ് നായകനായ ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ബിഗില്‍ നിര്‍മ്മിച്ച എജിഎസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു തിരച്ചില്‍ നടന്നത്. നീലാങ്കരയിലും സാലിഗ്രാമത്തുമുള്ള വീടുകളില്‍ തിരച്ചില്‍ നടത്തി. നടനെ നീണ്ട 30 മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവില്‍, അനധികൃത പണമൊന്നും കണ്ടെത്താനാവാതെ മടങ്ങുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരേ നിരവധി തവണ വിജയ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്റെ പകപോക്കലാണ് ആദായനികുതിവകുപ്പ് നടത്തിയ റെയ്‌ഡെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആദായ നികുതി വകുപ്പ് അന്വേഷണ റിപോര്‍ട്ട്.
By onemaly