Fri. Jan 22nd, 2021




തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബിലിട്ട വിജയ്.പി. നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും പരസ്യമായി പ്രതിഷേധിച്ചത് സൈബര്‍ നിയമങ്ങള്‍ക്ക് പല്ലില്ല എന്നാരോപിച്ചായിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പൊലീസ് കേസെടുത്തതും വിവാദമായി. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ കേരള പൊലീസ് ആകറ്റില്‍ വകുപ്പില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

ലൈംഗിക അധിക്ഷേപത്തിനൊപ്പം തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യയും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണത്തിനാണ് ശുപാര്‍ശ. പൊലീസ് ആക്ടില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു വകുപ്പ് പോലുമില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് കേരള പൊലീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടാകുന്നത്.
വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കും. നവമാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ കേസെടുക്കാം. ഇത് ജാമ്യമില്ലാ കുറ്റമാക്കണമെങ്കില്‍, കേന്ദ്രാനുമതി വേണം. അതിന് നടപടിയെടുക്കും.

സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്ത യൂട്‌ഊബര്‍ വിജയ് പി നായര്‍ക്കെതിരെ നേരത്തെ പ്രതിഷേധം നടന്നിരുന്നു. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ തുടങ്ങിയവരാണ് വിജയ് പി നായര്‍ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചത്.വസംസ്ഥാനത്തെ സൈബര്‍ നിയമങ്ങള്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു വഴി പ്രയോഗിച്ചതെന്നും ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഗുരുതര പരാതി നല്‍കിയിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പൊലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീടാണ് ഐ.ടി ആക്ടിലെ 67, 67 (എ) എന്നീ വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയത്.






By onemaly