Fri. Jan 22nd, 2021




ദേശീയ കായികതരം പയ്യാവൂരിലെ നവ്യശ്രീയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. യൂത്ത് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയാണ് വീട് നിർമിച്ചു നൽകുന്നത്. വീട് പൊളിച്ച് സ്ഥലം നികത്തുന്ന പ്രവൃത്തിക്ക് തുടക്കമായി.

കേരളത്തെ പ്രതിനിധീകരിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടന്ന വടംവലി മത്സരത്തിൽ എന്നും മുൻനിരയിലെത്തിയ കായിക പ്രതിഭയ്ക്ക് സുരക്ഷിതമായൊരു വീടില്ലെന്ന മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ വന്നതോടെയാണ് നാടൊറ്റക്കെട്ടായി മുന്നോട്ട് വന്നത്. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയാണ് പണം സ്വരൂപിച്ച് നിർമ്മാണ പ്രവർത്തിക്ക് ആരംഭം കുറിച്ചിരിക്കുന്നത്. പഴയ വീട് പൊളിച്ചുമാറ്റുന്ന പ്രവർത്തിയാണ് ഞായറാഴ്ച നടന്നത്. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി യുവാക്കളും നാട്ടുകാരും പ്രവർത്തിക്കായി പയ്യാവൂർ ചീത്തപ്പറയിലെത്തിയിരുന്നു. ദേശീയ വടംവലി മത്സരത്തിൽ ദേശീയ ചാമ്പ്യനായും ടീമിലെ ക്യാപ്റ്റനായും നവ്യശ്രീ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പഠനത്തിൽ മിടുക്കിയായ നവ്യശ്രീ നെടുങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്. വീട് നന്നാക്കാൻ അധികൃതർക്ക് നിരവധി തവണ അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അപേക്ഷ നിരസിക്കുകയായിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കായിക താരത്തിൻ്റെ ജീവിത ദുരിതം നാടറിഞ്ഞത്. നാട്ടുകാരും ,പൊതു പ്രവർത്തകരും ഒറ്റക്കെട്ടായി ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയും വീട് നിർമ്മാണത്തിനായി മുന്നോട്ട് വരുകയുമായിരുന്നു. നിലവിലുള്ള പൊളിച്ചുമാറ്റി അതേ സ്ഥലത്താണ് പുതിയ വീട് നിർമ്മിക്കുന്നത്. കേരളത്തിൻ്റെ യശസ്സ് ഉയർത്തുവാനായി കഷ്ടപ്പെടുന്ന നവ്യശ്രീയുടെ വീടിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധിയാളുകൾ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ജിത്തു തോമസ് ,കെ.പി. ലിജേഷ് ,രജീഷ് അമ്പാടൻ ,ബിജു എസ് നായർ ,അൻസിൽ ,ഇസ്മായിൽ ,വിജിൽ മോഹനൻ ,ഡാനിഷ് ,ആന്റോ മുണ്ടാനൂർ തുടങ്ങിയവർ പ്രവർത്തികൾക്ക് നേതൃത്വം നൽകി.






By onemaly