കോഴിക്കോട്: ആഗ്രഹം തീവ്രമാണെങ്കില്‍, അതിലേക്കുള്ള ദൂരം എത്തിപ്പെടാന്‍ കഴിയുന്നതിന് അപ്പുറമുള്ളതല്ലെന്ന നിശ്ചയദാര്‍ഡ്യത്തിന്റെ പേരാണ് ആയിഷ. കൈവിടാന്‍ കഴിയാതിരുന്ന ആ സ്വപ്നമാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എസ്. ആയിഷയെ നീറ്റ് പ്രവേശന പരീക്ഷയില്‍ 12-ാം റാങ്ക് എന്ന നേട്ടത്തിലെത്തിച്ചത്. ഡല്‍ഹി എയിംസില്‍ എം.ബി.ബിഎസിനു ചേരുകയെന്നതാണ് ഇനിയുള്ള ആഗ്രഹം.
ഇത് രണ്ടാംതവണയാണ് ആയിഷ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിനുള്ള ദേശീയ പൊതുപരീക്ഷയായ നീറ്റ് എഴുതുന്നത്. കഴിഞ്ഞവര്‍ഷം 15,429 ആയിരുന്നു റാങ്ക്. ഇതില്‍ മനംമടുക്കാതെ, ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചതിനുള്ള ഫലം ആയിഷയ്ക്ക് ഇത്തവണ ലഭിച്ചു. 710 മാര്‍ക്ക് ലഭിച്ച ആയിഷ കേരളത്തില്‍ ഒന്നാമതും ദേശീയ തലത്തില്‍ ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കുകാരിയുമാണ്.
സാധാരണ കുടുംബത്തിലെ അംഗമായ ഈ മിടുക്കി പൊതുവിദ്യാലയങ്ങളില്‍ പഠിച്ചാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ആറാം ക്ലാസ് വരെ കാപ്പാട് ഇലാഹിയ സ്കൂളിലും തുടര്‍ന്ന് പത്തുവരെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് പഠിച്ചത്. കൊയിലാണ്ടി ഗവ. ബോയ്സ് സ്കൂളിലായിരുന്നു ഹയര്‍സെക്കന്‍ഡറി പഠനം. എസ്.എസ്.എല്‍.സിക്കു ഫുള്‍ എ പ്ലസും പ്ലസ് ടുവിനു 98.5 ശതമാനവും മാര്‍ക്കുണ്ടായിരുന്നു.
നാലാം ക്ലാസ് മുതല്‍ കൂടെയുള്ളതായിരുന്നു ഡോക്ടറാവുകയെന്ന ആയിഷയുടെ മോഹം. പത്താം ക്ലാസില്‍ എത്തിയതോടെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചു. പത്താം ക്ലാസ് കഴിഞ്ഞതോടെ കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ പരിശീലനത്തിനു പോയിരുന്നു. പ്ലസ് ടു പഠനത്തിനിടെ ആദ്യ തവണ എഴുതിയ നീറ്റ് പരീക്ഷയില്‍ റാങ്കില്‍ വളരെ പുറകിലായെങ്കിലും തളര്‍ന്നില്ല. തുടര്‍ന്ന് നടത്തിയ ചിട്ടയായ പഠനമാണ് ആയിഷയെ നീറ്റില്‍ മികച്ച നേട്ടത്തിലേക്ക് എത്തിച്ചത്.
കൊയിലാണ്ടി കൊല്ലം ‘ഷാജി’ വീട്ടില്‍ എ.പി. അബ്ദുല്‍ റസാഖിന്റെയും വി.പി. ഷമീനയുടെയും രണ്ടാമത്തെ മകളാണ് ആയിഷ. ഗള്‍ഫില്‍ സെയില്‍സ്മാനായി ജോലി നോക്കുന്ന അബ്ദുല്‍ റസാഖ് ഇപ്പോള്‍ നാട്ടിലുണ്ട്. ഷമീന വീട്ടമ്മയാണ്. ആയിഷയുടെ ജ്യേഷ്ഠന് അഷ്ഫാഖ് എന്‍ജിനീയറിങ്ങിനും അനിയത്തി ആലിയ മറിയം പ്ലസ്ടുവിനും പഠിക്കുന്നു.
720 മാര്‍ക്കില്‍ 720 ഉം നേടിയ നേടിയ ഒഡിഷ സ്വദേശി ഷൊയേബ് അഫ്താബിനാണ് ഇത്തവണത്തെ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ജേതാവായ ഉത്തര്‍പ്രദേശില്‍നിന്നുള്ള ആകാംഷ സിങ്ങിനും മുഴുവന്‍ മാര്‍ക്കും ലഭിച്ചു. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചയാള്‍ കൂടിയായ ആകാംഷ, ഷൊയേബിനേക്കാള് പ്രായം കുറവായതിനാലാണ് രണ്ടാം സ്ഥാനത്തായത്.
ആയിഷയെക്കൂടാതെ മൂന്നു മലയാളികളാണ് ദേശീയതലത്തില്‍ ആദ്യ അന്‍പതില്‍ ഇടംപിടിച്ചത്. എ. ലുലു (22), സനീഷ് അഹമ്മദ് (25), ഫിലിമോന്‍ കുര്യാക്കോസ് (50) എന്നിവരാണവര്‍.