Sat. Jan 23rd, 2021
സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച് ഇരിക്കൂർ ഗവ: സാമൂഹ്യ കേന്ദ്രത്തിന് 11.30 കോടി.

ഇരിക്കൂർ :ഇരിക്കൂർ ഗവ.സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്
11.30 കോടി രൂപ ചെലവിൽ അഞ്ച് നില കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മലയോര മേഖലയിലെ പതിനായിരങ്ങളുടെ ആശാ കേന്ദ്രമായ ഇരിക്കൂർ ഗവ.സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ചിരകാല സ്വപ്നങ്ങൾക്കാണ്
ഇതോടെ ചിറക് വിരിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം, കൺസൾട്ടേഷൻ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, എൻ.ഐ.സി.യു, എക്സറോ, ഫാർമസി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി സമുച്ചയം പൂർത്തിയാക്കുക.

കഴിഞ്ഞ UDF സർക്കാർ
ഇരിക്കൂർ ഗവ: സാമൂഹ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളൊന്നും മുന്നോട്ട് പോയില്ല. LDF സർക്കാർ അധികാരമേറ്റതോടെ താലൂക്ക് ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് നീക്കം നടക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ
വിവിധ സാമൂഹ്യ -രാഷ്ടീയ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങളാണ് അരങ്ങേറിയത്. കോവിഡ് കാലത്തും നിരവധി പ്രക്ഷോഭങ്ങൾക്ക് ഇരിക്കൂർ ഗവ: ആശു പതി സാക്ഷിയായി. ജനകീയ സമരങ്ങളുടെയും ത്രിതല തദ്ദേശഭരണസമിതികളുടെ സമ്മർദ്ധങ്ങളുടെയും ഫലമായി കഴിഞ്ഞ വർഷാന്ത്യത്തിൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി സംസ്ഥാന ആരോഗ്യ ഡയരക്ടർക്കും ആരോഗ്യമന്ത്രിക്കും സമർപ്പിക്കപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിക്കാൻ കേരള സർക്കാർ തയ്യാറായത്.

ബ്രിട്ടീഷ്കാരുടെ ഭരണകാലം മുതൽ മലയോര കുടിയേറ്റ മേഖലയിൽ പ്രധാന ചികിത്സാ കേന്ദ്രമായിരുന്നു ഇരിക്കൂർ ഗവ. ആശുപത്രി. ഈ മേഖലയിൽ കിടത്തി ചികിത്സയുള്ള ഏക ആശുപത്രിയുമായിരുന്നു ഇത്. പ്രസവചികിത്സ, വിഷ ചികിത്സ എന്നിവയും ഇരിക്കൂർ ആശുപത്രിയിൽ പഴയ കാലത്ത് ലഭ്യമായിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയുടെ വികസനം നിശ്ചലാവസ്ഥയിലായി.

പുതുതായി അത്യാധുനീക സൗകര്യങ്ങളോടെ ആശുപതി കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ഇരിക്കൂർ, തളിപ്പറമ്പ് ,പേരാവൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലെ പതിനായിരങ്ങൾക്ക് ആശ്വാസമാകുമെന്നാ കണക്കാക്കുന്നത്.നിലവിൽ കിടത്തി ചികിത്സ നടത്തി വരുന്നതും അപകടാവസ്ഥയിലുമായ ഐ.പി. കെട്ടിടവും സമീപത്തെ പ്രഷർ, ഷുഗർ പരിശോധനാ വാർഡും മാറ്റിയാണ് പഞ്ച നില കെട്ടിടം. പണിയുന്നത്.ഇതോടെ ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രം നാടിൻ്റെ അഭിമാനമാവും . ഇടതു സർക്കാരിൻ്റെ നൂറുദിന വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യമേഖലയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ ഭൂപടത്തിൽ ഇരിക്കൂറും ഉന്നത സ്ഥാനം പിടിക്കും..ചുരുങ്ങിയ സമയം കൊണ്ട് തന്നെ കെട്ടിടം പൂർത്തിയാക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

സർക്കാറിന്റെ ഉത്തരവ് പരക്കെ സ്വാഗതം ചെയ്യപ്പെടുമ്പോഴും ഇരിക്കൂർ താലൂക്ക് ആശുപത്രി എന്ന പ്രഖ്യാപനം യാഥാർത്യമാവുമോ എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ സമരങ്ങളിൽ നിന്ന് പിറകോട്ടില്ല എന്ന് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടന നേതാക്കൾ പറഞ്ഞു.

ചിത്രം: ഇരിക്കൂർ സാമൂഹ്യ കേന്ദ്രത്തിന് 11.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അഞ്ച് നില കെട്ടിടത്തിലെ ഐ.പി. ബ്ലോക്ക് .


By onemaly