Edappal: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്ബൂതിരി അന്തരിച്ചു. 94 വയസായിരുന്നു. ദേശീയ പ്രസ്ഥാനത്തിലും യോഗാക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അക്കിത്തം.
കവിത, ചെറുകഥാ, നാടകം, വിവര്‍ത്തനം ലേഖന സമാഹാരം എന്നിവ ഉല്‍പ്പടെ അന്‍പതോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, പത്മശ്രീ, എഴുത്തച്ഛന് പുരസ്കാരം എന്നിവയുള്‍പ്പടെയുള്ള ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. പരേതയായ ശ്രീദേവി അന്തര്‍ജനമാണ് ഭാര്യ. പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീലാ, നാരായണന് എന്നിവരാണ് മക്കള്‍.
വേദം,ഇംഗ്ലീഷ്, കണക്ക്, തമിഴ് എന്നിവ പഠിച്ചിട്ടുള്ള അക്കിത്തം എട്ടു വയസ് മുതല്‍ കവിതയെഴുതുമായിരുന്നു. ചിത്രകലയിലും സംഗീതത്തിലും താല്പര്യം കാട്ടിയിരുന്നു. വിടി ഭട്ടതിരിപാട്, ഉറൂബ്, ഇടശ്ശേരി തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്ന അക്കിത്തം യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപ സമിതി അംഗമായിരുന്നു. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ആകാശവാണി യില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അക്കിത്തം 1985 ല്‍ വിരമിച്ചു. ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, മനസാക്ഷിയുടെ പൂക്കള്‍, ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍. വെണ്ണക്കല്ലിന്റെ കഥ, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.