പയ്യന്നൂര്‍: അന്നൂരിലെ ചിന്മയ വിദ്യാലയത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ട അമിത ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഒന്നടങ്കം വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാലയത്തിന് മുന്നില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ എം.സി പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം നിരോധനാജ്ഞ ലംഘിച്ചതിന് മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 10.30 ഓടെയാണ് രക്ഷിതാക്കള്‍ സംഘടിച്ചെത്തിയത്. അമിത ഫീസ് തങ്ങള്‍ക്ക് താങ്ങാന്‍ ആവില്ല എന്ന് കാണിച്ചുകൊണ്ട് നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. പകുതി ഫീസ് കുറക്കണം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്മെന്റ് 20% മാത്രമാണ് കുറച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഫീസ് അടക്കാന്‍ കാലതാമസം പോലും അനുവദിക്കാതെ വിദ്യാര്‍ഥികളെ ക്ലാസ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. ഇത് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയതായും ഈ കോവിഡ് കാലത്ത് അമിതഫീസ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതാണെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതിനെ പറ്റി കാരണം തിരക്കാന്‍ അധികാരികളെ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തതാണ് സംഘടിച്ചെത്തിയത്. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് രക്ഷിതാക്കള്‍. അതേസമയം, അഞ്ചില്‍ കൂടുതല്‍ പേര് ഒത്തുകൂടുന്നതിന് കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം നിലനില്‍ക്കെയാണ് സ്കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമുണ്ടായത്. ഫീസിനത്തില്‍ പലര്‍ക്കും ഇളവുകള്‍ നല്‍കിയിരുന്നതായും തീരെ അടക്കാന്‍ തയ്യാറാകാത്തവരെയാണ് വാട്സ്അപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. പോലീസ് എത്തിയതോടെ ആള്‍ക്കൂട്ടം പിരിഞ്ഞുപോയി….